15 December, 2019 08:28:01 PM


''വേട്ടയാടിത്തകർക്കാം എന്ന് വിചാരിക്കുന്നവർ ആളെ തിരിച്ചറിയണം": സദാചാര ഗുണ്ടായിസം വിവാദത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി പി.എസ്.റംഷാദ്തിരുവനന്തപുരം: പ്രസ്‌ ക്‌ളബ് സെക്രട്ടറിയായിരുന്ന എം രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട സദാചാര ഗുണ്ടായിസം വിവാദത്തില്‍ ഒരു വിഭാഗം വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകന്‍ പി എസ് റംഷാദ് വിശദീകരണവുമായി ഫേസ്ബുക്കില്‍. തിരുവനന്തപുരം പ്രസ്‌ക്‌ളബ് സംഭവത്തില്‍ പുറത്തു വന്നത് പൂര്‍ണമായും നടന്ന കാര്യങ്ങളല്ല എന്ന നിലപാട് സ്വീകരിച്ചതാണ് വിമന്‍ ഇന്‍ മീഡിയ പ്രവര്‍ത്തകരില്‍ ചിലര്‍ സമകാലിക മലയാളം വാരിക പത്രാധിപസമിതി അംഗമായ റംഷാദിനെതിരേ തിരിയാന്‍ ഇടയാക്കിയത്.  സ്വന്തം 'സ്ത്രീപക്ഷ റിപ്പോര്‍ട്ടുകള്‍ അക്കമിട്ടു നിരത്തിയാണ് 'വേട്ടയാടിത്തകർക്കാം എന്ന് വിചാരിക്കുന്നവർ ആളെ തിരിച്ചറിയുക തന്നെ വേണം' എന്ന തലക്കെട്ടിലുള്ള റംഷാദിന്‍റെ മറുപടി. 


റംഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...


''വേട്ടയാടിത്തകർക്കാം എന്ന് വിചാരിക്കുന്നവർ ആളെ തിരിച്ചറിയുക തന്നെ വേണം


വിട്ടുവീഴ്ചയില്ലാതെ സ്ത്രീപക്ഷത്തും ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ വേട്ടയാടപ്പെടുന്നവരുടെ പക്ഷത്തും ഉറച്ചു നിൽക്കുന്നതിന്‍റെ സാക്ഷ്യരേഖകളാണ് ഈ കാണുന്ന തലക്കെട്ടുകൾ. ബലാൽസംഗ ഇരകൾ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും മനസ്സു തുറന്ന ; മതേതര ജനാധിപത്യ നിലപാടുകളിൽ വെള്ളം ചേർക്കാൻ വിസമ്മതിക്കുന്ന സ്ത്രീ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും നേരിടുന്ന വർഗ്ഗീയ- സൈബർ ആക്രമണങ്ങൾക്കെതിരേ അവരുടെ ശബ്ദമായി മാറിയ എത്രയെത്ര ന്യൂസ് സ്റ്റോറികൾ. ഇവയൊന്നും വെറും തലക്കെട്ടുകളല്ല; മലയാളം വാരികയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ വായിച്ച പെൺജീവിതങ്ങൾ തന്നെയാണ്. ഇനിയുമുണ്ട് നിരവധി. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്നെ അടയാളപ്പെടുത്തുന്നത് സാമൂഹിക പ്രതിബദ്ധതയുടെ നട്ടെല്ലു തന്നെയാണ്. അത് ദൈവത്തിനു മുന്നിൽ മാത്രമേ ഇതുവരെ വളച്ചിട്ടുള്ളു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും.


ലൈംഗിക പീഡനക്കേസുകളിലെ മുഖ്യ സാക്ഷിയും ഇരയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ താമസിക്കുന്ന കേരളത്തിലെ ഷോർട്സ്റ്റേ ഹോമുകളെയും അവിടുത്തെ അന്തേവാസികളെയും കുറിച്ച് ഏറ്റവുമധികം റിeപ്പാർട്ടുകൾ എഴുതിയത് ഞാനും പ്രസിദ്ധീകരിച്ചത് മലയാളം വാരികയുമാണ്.


ബലാൽസംഗക്കേസിലെ ഇരയായ ഒരു പെൺകുട്ടി കേരളത്തിൽ ആദ്യമായി സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി അഭിമുഖത്തിനു തയ്യാറായത് എന്നോടാണ്; ഞാനെന്തിനു മറഞ്ഞിരിക്കണം? ആ പ്രതികളല്ലേ അപമാനഭാരം കൊണ്ട് തല ഉയർത്താനാകാതെ ജീവിക്കേണ്ടത് എന്ന രഹനാസിന്‍റെ പൊള്ളിക്കുന്ന ചോദ്യം സമൂഹമാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തത് മലയാളം വാരികയിൽ നിന്നാണ്...


സൂര്യനെല്ലി എന്ന ഹൈറേഞ്ച് ഗ്രാമത്തിന്‍റെ പേരിൽ നാം അറിയുന്ന പെൺകുട്ടി കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖാമുഖം മനസ്സു തുറന്ന് വിശ്വാസത്തോടെ സംസാരിക്കാൻ തയ്യാറായ ഒരേയൊരു പുരുഷ ജേർണലിസ്റ്റ് ഞാൻ മാത്രമാണ്.
ശരിയാണ്, ഈ ചെറുകുറിപ്പിൽ വല്ലാതെ 'ഞാൻ' കടന്നുവന്നിട്ടുണ്ട്. എന്നെ വ്യക്തിപരമായി തുടർച്ചയായി അധിക്ഷേപിച്ച് ചിലർ സമൂഹമാധ്യമങ്ങളിൽ ഉറഞ്ഞുതുള്ളുമ്പോൾ ഇങ്ങനൊരു കുറിപ്പ് എഴുതാതെ വയ്യ. ഒരു നാലു വരി സ്ത്രീപക്ഷ റിപ്പോർട്ടു കൊണ്ടു പോലും സ്വന്തം പ്രതിബദ്ധത തെളിയിക്കാത്തവർക്ക്, മറ്റുള്ളവരെ ശരിയായി തിരിച്ചറിയാതെ അപകീർത്തിപ്പെടുത്തുന്നതാകാം ആത്മസംതൃപ്തി നൽകുക. ചില സമീപകാല വിഷയങ്ങളിൽ മറ്റു നിരവധിയാളുകളെപ്പോലെ ഞാനും വ്യത്യസ്ഥ നിലപാട് എടുത്തത് ഇരയെ അപമാനിക്കാനോ അവർക്ക് നീതി നിഷേധിക്കാനോ അല്ല. അത് വ്യക്തമാണ്. എങ്കിലും എന്‍റെ സ്ത്രീപക്ഷ നിലപാടുകളുടെ താരതമ്യമില്ലാത്ത ആത്മാർത്ഥതയെ സംശയനിഴലിലാക്കി ആക്രമിച്ച് അരികത്താക്കിക്കളയാം എന്നാണ് ചിലർ കരുതുന്നത്. അത് വ്യാമോഹം മാത്രമാണ്;വെറും പൊട്ടമോഹം. കയ്യിലിരിക്കട്ടെ എന്നേ പറയുന്നുള്ളു;നിങ്ങളിലൊരാളുടെ പോലും സർട്ടിഫിക്കേറ്റിനു വേണ്ടിയല്ല ഞാൻ മാധ്യമപ്രവർത്തനത്തിലും ജീവിതത്തിലും പക്ഷം തീരുമാനിക്കുന്നത്. തരം പോലെ ആടിക്കളിക്കുന്ന പ്രതിബദ്ധതയുടെ കള്ളത്തരം കാണാൻ സ്വന്തം മുഖമൊന്നു കണ്ണാടിയിൽ നോക്കുന്നതായിരിക്കും നിങ്ങൾക്ക് നന്ന്.


പി എസ് റംഷാദ്''Share this News Now:
  • Google+
Like(s): 4.8K