02 December, 2019 04:33:04 PM


അധ്യാപകന്‍റെ ലൈംഗിക ചൂഷണം: പഠനം ഉപേക്ഷിച്ച 95 വിദ്യാര്‍ഥികളില്‍ 13 പേരെ തിരിച്ചെത്തിച്ചുഏറ്റുമാനൂര്‍:  വിദ്യാര്‍ഥികളെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ പഠനം ഉപേക്ഷിച്ച 95 വിദ്യാര്‍ഥികളില്‍ 13 പേരെ സ്കൂളില്‍ തിരിച്ചെത്തിച്ചു. കേരള ഗവണ്‍മെന്‍റ് പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്‍റെ കീഴില്‍ ഏറ്റുമാനൂരിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികളാണ് പഠനം ഉപേക്ഷിച്ച് മടങ്ങിയത്. ഇവരില്‍ മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയാണ് സ്കൂളില്‍ തിരിച്ചെത്തിച്ചത്. അതേസമയം, പ്രതിയായ അധ്യാപകന് കൂട്ടുനിന്നുവെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകരും ജീവനക്കാരും സ്കൂളില്‍ തുടരുന്നതിനിടെ പ്രതിഷേധം അലയടിക്കുകയാണ്.


വിദ്യാര്‍ഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ ഒട്ടേറെ വിവാദങ്ങള്‍ക്കു ശേഷമാണ് സ്കൂളിലെ സംഗീത അദ്ധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര തെക്കുംകോവില്‍ നരേന്ദ്രബാബു (51) വിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം  പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചാണ്  വിദ്യാര്‍ഥികള്‍ സ്കൂളില്‍ നിന്ന് മടങ്ങിയത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മിയുടെ നിര്‍ദ്ദേശാനുസരണം വനംവകുപ്പിന്‍റെയും സാമൂഹികപ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള സംഘം കുടികളില്‍ എത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിച്ചാണ് സ്കൂളിലേക്ക് തിരികെ എത്തിച്ചത്. 


ഒക്ടോബര്‍ 16നാണ്  സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടത്. സ്റ്റുഡന്‍റ്സ് കൗണ്‍സിലറോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. കുട്ടികളില്‍ നിന്നും പരാതി എഴുതി വാങ്ങിയ സ്റ്റുഡന്‍റ്സ് കൗണ്‍സിലര്‍ ഈ വിവരം സീനിയര്‍ സൂപ്രണ്ട് ധര്‍മ്മജനെ അറിയിച്ചു. ഇരുവരും മാനേജരോടൊപ്പം പ്രധാന അധ്യാപകനെ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കാനോ പരാതി പൊലീസിന് കൈമാറാനോ അദ്ദേഹം തയ്യാറായില്ല. പരാതി ഒതുക്കി തീര്‍ക്കാനാണ് പ്രധാന അധ്യാപകന്‍ അടക്കമുള്ള ചില അധ്യാപകര്‍ ശ്രമിച്ചതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ജില്ലാ ഓഫീസറെ വിവരമറിയിച്ച സീനിയര്‍ സൂപ്രണ്ടിനെ കുറ്റാരോപിതനായ സംഗീത അധ്യാപകന്‍റെ നേതൃത്വത്തില്‍ മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. 


ഇതിനിടെ പ്രക്ഷോഭങ്ങളുമായി വിവിധ സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തുകയും കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിക്കുകയും ചെയ്തു. ലഭിച്ച പതിനഞ്ചോളം പരാതികളില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പോലീസ്  ഒക്ടോബര്‍ 29ന് അധ്യാപകനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നവംബര്‍ ആദ്യവാരം ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും പറയുന്നത്. 


ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ നിന്നും മറ്റുമായി ഒട്ടേറെ കുട്ടികളാണ് ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. 199 കുട്ടികളില്‍ പഠനം ഉപേക്ഷിച്ച് പോയ 95 പേരില്‍ 14 പേര്‍ തിങ്കളാഴ്ച തിരിച്ചെത്തും എന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരാള്‍ വന്നില്ല. ബാക്കി കുട്ടികളെയും തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രതിയായ അധ്യാപകന് കൂട്ടുനിന്ന പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉള്ളിടത്തോളം കാലം കുട്ടികളെ വിശ്വസിച്ച് ഇവിടെ നിര്‍ത്താനാവില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ സ്ഥലത്തെത്തി രക്ഷിതാക്കളുമായി സംസാരിച്ചു.


ഇരകളോടൊപ്പം നിന്ന പി.ടി.എ പ്രസിഡന്‍റിന് നിരന്തരം ഊമക്കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കുറ്റത്തില്‍ പരോക്ഷമായി പങ്കുള്ളവര്‍ ഇരകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നുള്ളതിന് തെളിവാണെന്നും ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ യോഗം ചൂണ്ടികാട്ടി. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശവും സംരക്ഷണവും ഉറപ്പുവരുത്താത്ത ജില്ലാകളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടികളെ പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ച ഹെഡ്മാസ്റ്റര്‍ എം.ആര്‍.വിജയന്‍, സീനിയര്‍ അസിസ്റ്റന്‍റ് ടി.ആര്‍.ശോഭ, ടീച്ചര്‍മാരായ ബിന്ദു, ദീപു എന്നിവരെ സ്കൂളില്‍നിന്നും മാറ്റണമെന്ന ആവശ്യവുമായി ഡിസംബര്‍ 9ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

Share this News Now:
  • Google+
Like(s): 338