02 December, 2019 02:56:29 PM


സ്‌കൂള്‍ പരിസരത്തെ പുകയില നിയന്ത്രണം: വ്യാപക നിയമ ലംഘനങ്ങള്‍; താക്കീത് നല്‍കി ജില്ലാ സ്‌ക്വാഡ്



കൊച്ചി :  ജില്ലയിലെ വിദ്യാലയങ്ങള്‍ പുകയില രഹിതമാക്കുതിന്‍റെ ഭാഗമായി രൂപം നല്‍കിയ ജില്ലാ സ്‌ക്വാഡിന്‍റെ പരിശോധനയില്‍ വ്യാപക നിയമ ലംഘനങ്ങള്‍ കണ്ടെത്തി. തൃക്കാക്കര, കാക്കനാട് പ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവില്‍ പുകയില വില്‍പ്പന നടത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി.  നൂറ് വിദ്യാലയങ്ങളില്‍ പരിശോധന നടത്തിയ സ്‌ക്വാഡ് രണ്ടിടത്ത് ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തത് കണ്ടെത്തി. ശരിയായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാതെ പുകയില വില്‍പ്പന നടത്തിയ കടകള്‍ക്കും നോട്ടീസ്  നല്‍കി.


പല സ്‌കൂളുകളിലും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റികളും പി.ടി.എകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ .സവിത അറിയിച്ചു. സ്‌കൂളുകളുടെ പരിസരങ്ങളില്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാന്‍കടകളും പുകയില കടകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്‍ അറിയിച്ചു. ജില്ലാ സ്‌ക്വാഡിന്റെ കണ്ടെത്തലുകള്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ച് വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി. എന്‍ ശ്രീനിവാസന്‍ പറഞ്ഞു.


സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം കൈവരിക്കുന്ന പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തന മികവിനുള്ള സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പുകയില നിയന്ത്രണ ജില്ലാതലയോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ കൂട്ടായ്മ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്ന് എ.ഡി.എം അഭിപ്രായപ്പെട്ടു.


ഓരോ വകുപ്പുകളും അടുത്ത മുപ്പത് ദിവസത്തിനകം ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗം നിശ്ചയിച്ചു.  പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, പഞ്ചായത്ത്, റെവന്യു വകുപ്പുകളും, സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുതാണ് ജില്ലാ സ്‌ക്വാഡ്. മാസത്തില്‍ അഞ്ച് ദിവസം സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും.  താലൂക്ക് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K