30 November, 2019 07:27:28 PM


ജോസിന് വീണ്ടും തിരിച്ചടി: കാസര്‍ഗോഡിനു പിന്നാലെ അകലക്കുന്നത്തും 'രണ്ടില' ജോസഫ് പക്ഷത്തിന്



കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി. അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം നമ്പര്‍ പൂവത്തിളപ്പ് വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച പത്രികയ്ക്ക് രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം  കാസര്‍ഗോഡ് ബളാല്‍ ഗ്രാമപഞ്ചായത്തിലും ജോസ് പക്ഷത്തിന് ഇതേ അനുഭവം ഉണ്ടായിരുന്നു.


ചിഹ്നം ശുപാര്‍ശ ചെയ്യാനുള്ള അധികാരം ചെയര്‍മാന്‍റെ അധികാരമുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനാണ് എന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് വരണാധികാരിയായ കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇതിന്‍പ്രകാരം ജോസഫ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി ബിബിന്‍ തോമസിനാണ് രണ്ടില ചിഹ്നം ലഭിക്കുക. ജോര്‍ജ് മാലാടിയില്‍ ആണ് ഇവിടെ ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി.

 
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റിന് ഉണ്ടായിരുന്ന അധികാരം പിന്‍വലിച്ചിട്ടുള്ളതായും ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ചിഹ്നം അനുവദിക്കുന്നതിനുള്ള ശുപാര്‍ശ താനായിരിക്കും നല്‍കുന്നതെന്നും കാട്ടി പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പി.ജെ.ജോസഫ് ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ത്ഥിയെ അംഗീകൃത സ്ഥാനാര്‍ത്ഥിയായി കമ്മീഷന്‍ പരിഗണിച്ചത്. 


ഇലക്ഷന്‍ കമ്മീഷനിലും പ്രതീക്ഷയില്ലാത്ത സാഹചര്യം ഉടലെടുത്തതോടെ ജോസ് വിഭാഗം അണികള്‍ അസ്വസ്തരായിരിക്കുകയാണ്. ഔദ്യോഗിക പക്ഷത്തേക്കുള്ള ഒഴുക്കിന് ഇനി ശക്തി കൂടുമെന്ന് അവര്‍ ഭയക്കുന്നു. ജോസ്.കെ.മാണിക്കൊപ്പം ഇപ്പോഴും നില്‍ക്കുന്നവര്‍ യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി മാതൃസംഘടനയില്‍ മടങ്ങിയെത്തണമെന്ന് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ജെയ്‌സണ്‍ ജോസഫും സ്റ്റിയറിംഗ് കമ്മറ്റിയംഗം സാബു ഒഴുങ്ങാലിലും ആവശ്യപ്പെട്ടു. പൂവത്തിളപ്പ് വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി ബിബിന്‍ തോമസിന് രണ്ടില ചിഹ്നം അനുവദിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും ഇവര്‍ ചൂണ്ടികാട്ടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K