28 November, 2019 01:59:39 PM


ചൂരല്‍ എറിഞ്ഞ് ഹെൽമറ്റ് വേട്ട: യുവാവിന് ഗുരുതര പരുക്ക്; സിപിഓയ്ക്ക് സസ്പെന്‍ഷന്‍



കൊല്ലം: വാഹനപരിശോധനയ്ക്കിടയിൽ അമിതവേഗതയിൽ വന്ന് നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ചൂരല്‍ കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. കിഴക്കുഭാഗം സ്വദേശി സിദ്ദിഖി (19)നാണ് പരിക്കേറ്റത്.  കൊല്ലം കടയ്ക്കലിൽ ആണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയ സംഭവം.  തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടില്‍ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്  സംഘർഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചത് ഈ വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്നതിന് കാരണമായി. ഒന്നര മണിക്കൂറിലേറെ നീണ്ട ഉപരോധ സമരത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കുരുങ്ങിക്കിടക്കുന്നത്. ഗതാഗതം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഒരു മണിക്കൂറിലധികം സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിർദേശത്തിനു തൊട്ടു പിന്നാലെയാണ് സംഭവം. റോഡിനു മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ല. ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടത്. ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണം.  ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം ലാത്തിയെറിഞ്ഞ സിവിൽ പൊലീസ് ഓഫിസർ ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതോടെ ഉപരോധസമരം പിന്‍വലിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K