28 November, 2019 08:59:37 AM


എസ്.പി.ജി. സുരക്ഷ ഇനി പ്രധാനമന്ത്രിക്കും ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രം




ദില്ലി: പ്രധാനമന്ത്രിക്കും ഔദ്യോഗികവസതിയില്‍ അദ്ദേഹത്തിനൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രം സുരക്ഷ നല്‍കുന്ന തരത്തില്‍ എസ്.പി.ജി. സുരക്ഷയുടെ പരിധി നിജപ്പെടുത്തുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. നിയമ ഭേദഗതിയിലൂടെ ബി.ജെ.പി. രാഷ്ട്രീയ പ്രതികാരം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നടപടികളില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ് സഭ വിട്ടിറങ്ങിപ്പോയി.


സഭയ്ക്കുള്ളില്‍ മഹാത്മാ ഗാന്ധി വധത്തിന്റെ വിചാരണ മുതല്‍ രാജീവ് ഗാന്ധി വധം, സിഖ് കൂട്ടക്കൊല തുടങ്ങി വിവിധ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് രൂക്ഷമായ പ്രതിപക്ഷ-ഭരണപക്ഷ വാക്‌പോരിനിടെയാണു ബില്‍ പാസായത്. പുതിയ വ്യവസ്ഥ അനുസരിച്ച് സ്ഥാനം ഒഴിയുന്ന പ്രധാനമന്ത്രിക്കും അവരോടൊപ്പം അനുവദിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും അഞ്ചു വര്‍ഷത്തേക്കു മാത്രം എസ്.പി.ജി. സംരക്ഷണം ലഭിക്കും.


മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി. സംരക്ഷണം പിന്‍വലിച്ചതില്‍ പ്രതിപക്ഷം രൂക്ഷ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിലവില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള എസ്.പി.ജി. സുരക്ഷയ്ക്കു കാലാവധി ബാധകമല്ല. 1998-ലെ എസ്.പി.ജി. നിയമപ്രകാരം മുന്‍പ്രധാനമന്ത്രിമാര്‍ക്ക്, സ്ഥാനമൊഴിഞ്ഞ് ഒരു വര്‍ഷത്തേക്കായിരുന്നു സുരക്ഷ.


കാലാകാലങ്ങളില്‍ മുന്‍സര്‍ക്കാരുകള്‍ ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തെന്ന് അമിത് ഷാ ആരോപിച്ചു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് എസ്.പി.ജി. സുരക്ഷ നല്‍കിയ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ എസ്.പി.ജി. സുരക്ഷ പിന്‍വലിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്‌ര എന്നിവര്‍ക്കു സി.ആര്‍.പി.എഫ്. സെഡ് പ്ലസ് സുരക്ഷ നല്‍കുന്നുണ്ട്.


ഭേദഗതിയിലൂടെ എസ്.പി.ജി. നിയമം കൂടുതല്‍ ഫലപ്രദമാകുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. എസ്. പി. ജി. രൂപീകരിച്ചതു പ്രധാനമന്ത്രിമാര്‍ക്കു സുരക്ഷ നല്‍കാനാണ്. മിക്ക രാജ്യങ്ങളിലും സര്‍ക്കാര്‍ തലവന്‍മാര്‍ക്ക് ഇത്തരം പ്രത്യേക സുരക്ഷാവിഭാഗങ്ങളുണ്ട് - ഷാ ചൂണ്ടിക്കാട്ടി. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍, അയലത്തെ ശത്രുരാഷ്ട്രം എന്നീ ഘടകങ്ങള്‍ കണക്കിലെടുത്ത്, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ എസ്.പി.ജി. ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് രാജ്യസഭയില്‍ നിയമഭേദഗതി അവതരിപ്പിക്കവേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


രാജ്യത്ത് രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ കൊല്ലപ്പെട്ടത് എസ്.പിജി സംരക്ഷണം പിന്‍വലിക്കപ്പെട്ടതിന് ശേഷമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ബില്ല് പിന്‍വലിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യയും എസ്പിജി അഴിച്ചു പണിയെ ചോദ്യം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K