27 November, 2019 09:18:52 PM


ജപ്തിക്കായി വീട്ടുകാരെ ഉള്ളില്‍ പൂട്ടിയിട്ട് ബാങ്ക് അധികൃതർ; രക്ഷകരായത് നാട്ടുകാർ



കൊല്ലം: മീയണ്ണൂരില്‍ വീട്ടുകാരെ വീടിനുള്ളില്‍ പൂട്ടിയിട്ട് ബാങ്ക് അധികൃതരുടെ ജപ്തി നടപടി. ഇതിനെത്തുടർന്നു സ്ത്രീയും കുട്ടികളും വീടിനുള്ളില്‍ കുടുങ്ങി. നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് വീട്ടുകാരെ രക്ഷിച്ചു. ജപ്തി നടപടിയുടെ ഭാഗമായി യൂക്കോ ബാങ്ക് അധികൃതർ വീടിന്‍റെ രണ്ട് ഗേറ്റുകളും പൂട്ടിയിട്ട് മടങ്ങിയെന്നാണ് ആരോപണം. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പൂയപ്പള്ളി സ്വദേശി ഷൈന്‍ എന്നയാളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. 


ഷൈൻ തന്റെ സുഹൃത്തിന് ഭൂമിയുടെ പ്രമാണം പണയംവയ്ക്കാന്‍ നല്‍കിയിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ബാങ്ക് അധികൃതര്‍ വീട്ടിലെത്തുകയും ഉള്ളിൽ ആരെങ്കിലും ഉണ്ടോയെന്നു പരിശോധിക്കാതെ രണ്ട് ഗേറ്റും പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഷൈന്‍റെ ഭാര്യയും രണ്ടു പെൺമക്കളും ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ സ്ഥലത്തെത്തിയ നാട്ടുകാർ പൂട്ടുതകർത്ത് വീട്ടുകാരെ രക്ഷിക്കുകയായിരുന്നു. ബാങ്ക് നടപടിക്കെതിരെ കശുവണ്ടി തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് ബാങ്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K