25 November, 2019 06:18:23 PM


ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി കേരള സര്‍ക്കാരിന്; കേന്ദ്ര ഘനവ്യവസായ വകുപ്പിന്‍റെ എതിര്‍പ്പ് ട്രൈബ്യൂണല്‍ തള്ളി




ദില്ലി: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി കേരള സര്‍ക്കാരിന് കൈമാറാന്‍ ഉത്തരവ്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. കേന്ദ്ര ഘനവ്യവസായ വകുപ്പിന്‍റെ എതിര്‍പ്പ് ട്രൈബ്യൂണല്‍ തള്ളി. 25 കോടി നല്‍കി മൂന്നുമാസത്തിനകം കമ്പനി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും വിധിച്ചു. എച്ച്‌എന്‍എല്‍ ഓഹരികള്‍ 25 കോടി രൂപയ്ക്ക് കേരള സര്‍ക്കാരിന് നല്‍കാനാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വായ്പ നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് എച്ച്‌എന്‍എല്ലിന്‍റെ കടബാധ്യത തീര്‍ക്കാന്‍ നടപടി എടുക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.


ഓഹരികള്‍ക്ക് കൂടുതല്‍ തുക വേണമെന്ന ദേശീയ ഘനമന്ത്രാലയത്തിന്‍റെ ആവശ്യം തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവ്.

പ്രധാന കടമ്പ കടന്നതോടെ പൂട്ടിക്കിടന്ന എച്ച്‌എന്‍എല്‍ കമ്പനിയുടെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരിന്‍റെ കൈകളിലേക്കെത്തുകയാണ്. കമ്പനി കൈമാറ്റം പൂര്‍ത്തിയായാല്‍ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച എച്ച്‌എന്‍എല്‍ ഒരു വര്‍ഷമായി പൂട്ടിക്കിടക്കുകയായിരുന്നു.


ശമ്പളം ഇല്ലാതായതോടെ ഏതാനും തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതും അടുത്തകാലത്താണ്. 1500 ഓളം തൊഴിലാളികളാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. വായ്പകള്‍ അടക്കം എച്ച്‌എന്‍എല്ലിന്‍റെ കടബാധ്യതയായ 430 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കമ്പനി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ള തുകയുടെ 70 ശതമാനം ഒന്നിച്ചടച്ച്‌ ബാധ്യത തീര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ ലിക്വിഡേറ്ററെ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K