22 November, 2019 08:53:45 AM


അറസ്റ്റിന് സാധ്യത ഏറി; പെണ്‍കുട്ടികളെ അന്യായ തടങ്കലില്‍ വെച്ച വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടു?




ദില്ലി: കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ അടക്കം കുറ്റകരമായ ആരോപണങ്ങൾ നേരിടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വ്യാഴാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകലിന് പുറമെ യോഗിനി സര്‍വജ്യപീഠം എന്ന ആശ്രമത്തില്‍ ആളുകളെ തടവില്‍ വച്ച ശേഷം അവരില്‍ നിന്നും പണം വാങ്ങുന്നു എന്ന ആരോപണവും നിത്യാനന്ദയ്‌ക്കെതിരെയുണ്ടായിരുന്നു.


ബുധനാഴ്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍. ഇയാള്‍ കരീബിയന്‍ ദ്വീപ് സമൂഹമായ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യം കടന്നതിനെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.


അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ട് വന്ന് അനധികൃതമായി തടവില്‍ വച്ച് പണം പിരിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നാല് കുട്ടികളെ ഒരു ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷമാണ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുത്തത്. കര്‍ണാടകത്തില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ആവശ്യം വന്നാല്‍ ശരിയായ നിലയില്‍ വിദേശത്തുനിന്നും കസ്റ്റഡിയില്‍ എടുക്കുമെന്നും കേരളത്തില്‍ തിരികെ എത്തിയാല്‍ ഉറപ്പായും അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. ജനാര്‍ദനന്‍ ശര്‍മ്മയുടെ പരാതിയെ തുടര്‍ന്നാണ് നിത്യാനന്ദയ്‌ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K