20 November, 2019 10:50:44 AM


ഐഐടി ഡയറക്ടര്‍ ഹാജരാകണമെന്ന് മാനവശേഷി മന്ത്രാലയം; വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു



ദില്ലി: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഐഐടി ഡയറക്ടറെ വിളിച്ചുവരുത്താനൊരുങ്ങി കേന്ദ്ര മാനവ ശേഷി മന്ത്രാലയം. ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി നേരിട്ടു ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം മലയാളി വിദ്യാര്‍ഥികള്‍ ഐഐടി കവാടത്തില്‍ തിങ്കളാഴ്ച ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കുട്ടികള്‍ സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡയറക്ടര്‍ ചെന്നൈയില്‍ തിരികെ എത്തിയാലുടന്‍ ചര്‍ച്ചയാവാമെന്ന് ഡീന്‍ അറിയിച്ചു.


ഫാത്തിമയുടെ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ 3 അധ്യാപകരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്നലെയും ക്യാംപസ് ഗെസ്റ്റ്ഹൗസില്‍ ചോദ്യം ചെയ്തു. സെമസ്റ്റര്‍ അവധിയാണെങ്കിലും നാട്ടില്‍ പോയി ഫാത്തിമയുടെ സഹപാഠികളില്‍ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം, വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തു നിന്നുള്ള വിദഗ്ധ സമിതിയെ നിയോഗിക്കുക, എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി അനിശ്ചിതകാല നിരാഹാര സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K