18 November, 2019 01:42:50 PM


കെ ആർ നാരായണൻ സ്‌മാരക ആശുപത്രി: ശസ്‌ത്രക്രിയാ സംവിധാനവും തസ്‌തികകളും അനുവദിച്ചു - മുഖ്യമന്ത്രി



തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ സ്മരണാര്‍ത്ഥമാണ് കോട്ടയം മീനച്ചില്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ 150 കിടക്കകളോടുകൂടിയ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്‌പെഷ്യാലിറ്റി തസ്തികകള്‍ അനുവദിച്ചതിനു പുറമെ,ശസ്‌ത്രക്രിയാ  തിയേറ്ററിനാവശ്യമായ ഉപകരണങ്ങള്‍, കിടക്കകള്‍ എന്നിവ അനുവദിച്ചിട്ടുണ്ടെന്ന്‌ അഡ്വ. മോൻസ്‌ . ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ഓപ്പേറഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ കുറച്ചുകൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈക്കൊണ്ടിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്റ് സേഫ്റ്റി സൗകര്യങ്ങള്‍ ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2012 13ല്‍ പ്രഖ്യാപിച്ചിരുന്ന കെ.ആര്‍. നാരായണന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിനായി ഉഴവൂരില്‍ കുരുശു പള്ളി കവലയിലുള്ള പഞ്ചായത്ത് വക സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മറ്റിടങ്ങളിലും പ്രതിമ സ്ഥാപിക്കുന്നത്  സുപ്രീംകോടതി  നിരോധിച്ച സാഹചര്യത്തില്‍ മറ്റൊരു സ്ഥലം കണ്ടെത്താന്‍ കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രതിമ സ്ഥാപിക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.


അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചോ സ്മൃതിമണ്ഡപത്തിലേക്ക് റോഡ് നിര്‍മ്മിക്കുന്നതു സംബന്ധിച്ചോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. റോഡിന്റെ വീതിയുടെ കാര്യത്തില്‍ കിഫ്ബി നിശ്ചയിച്ചിട്ടുള്ള അളവിലും കുറഞ്ഞതാണ് ഇപ്പോഴുള്ള റോഡ്. ഈ സാങ്കേതിക പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ കിഫ്ബി വഴി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ. പ്രസ്തുത റോഡ് അലൈന്റ്‌മെന്റ് ജനസാന്ദ്രത കൂടിയ പ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നത്. അതിനാല്‍ വീതി കൂട്ടിയെടുക്കുവാന്‍ പറ്റാത്ത സാഹചര്യവും അവിടെയുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലും സ്വീകരിക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.


പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപണികള്‍ 2020 മെയ് 31 നുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിതലത്തില്‍ 07.11.2019 ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇടക്കോലി- കോട്ടയം മെഡിക്കല്‍ കോളേജ് റോഡിന്റെ പുനരുദ്ധാരണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപയ്ക്ക് തത്വത്തില്‍ ഭരണാനുമതി നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K