16 November, 2019 09:36:57 PM


'ഒരു രാജ്യം ഒരു ശമ്പളദിനം'; രാജ്യത്ത് ശമ്പളം ലഭിക്കുന്ന ദിവസം ഏകീകരിക്കുമെന്ന് കേന്ദ്രമന്ത്രി




ദില്ലി: രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഒരേ ദിവസം ശമ്പളം ലഭിക്കുന്ന വണ്‍ നാഷന്‍ വണ്‍ പേ ഡേ (ഒരു രാജ്യം ഒരു ശമ്പളദിനം) പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാംങ്‌വര്‍. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ താല്‍പര്യ സംരക്ഷണത്തിന് നിയമനിര്‍മാണം ഉടന്‍ പാസാകുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച നിയമനിര്‍മാണം സാധ്യമാക്കണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ്-2019 പരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു തൊഴില്‍മന്ത്രി.


എല്ലാ മാസവും ഒരേ ദിവസം തന്നെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ലഭിക്കണമെന്നാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുപോലെ ഏകീകൃത മിനിമം കൂലി സംവിധാനം നടപ്പാക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഒക്കുപ്പേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്(ഒ.എസ്.എച്ച്‌) എന്ന സംവിധാനം നടപ്പിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന് അനുബന്ധമായി 'കോഡ് ഓണ്‍ വേജസ്' പദ്ധതി കൊണ്ടുവരും. 'കോഡ് ഓണ്‍ വേജസ്' ഈ വര്‍ഷം ജൂലൈയില്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഇത് വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K