10 November, 2019 11:38:14 PM


മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷൻ അന്തരിച്ചു



ചെന്നൈ: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷൻ (87) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ 10-മത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്ന അദ്ദേഹം ആ പദവിയുടെ ശക്തിയും സാധ്യതയും കാട്ടിത്തന്നു.


പാലക്കാട് തിരുനെല്ലായിയിൽ 1933 മേയ് 15ന് ആയിരുന്നു ടി. എൻ ശേഷന്റെ ജനനം. അഭിഭാഷകനായിരുന്ന നാരായണ അയ്യർ ആയിരുന്നു പിതാവ്. അമ്മ സീതാലക്ഷ്മി. 1955ൽ ഐഎഎസ് നേടി. തമിഴ്നാട് കേഡറിൽ ആയിരുന്നു നിയമനം. 1956ൽ കോയമ്പത്തൂർ അസിസ്റ്റൻഡ് കളക്ടറായി. ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറിയായും മധുരയിൽ കളക്ടറായും പ്രവർത്തിച്ചു. തുടർന്ന് ട്രാൻസ്പോർട്ട് ഡയറക്ടർ, വ്യവസായം, കൃഷി വകുപ്പുകളിൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.


അണുശക്തി വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി 1968ൽ കേന്ദ്രസർവീസിൽ പ്രവേശിച്ചു. തുടർന്ന് ഡയറക്ടറായി. ശൂന്യാകാശം, എണ്ണ-പ്രകൃതിവാതകം, വനം വന്യജീവി സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി. 1988ൽ പ്രതിരോധ സെക്രട്ടറിയും 1989ൽ കാബിനറ്റ് സെക്രട്ടറിയുമായി. എസ്. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1990ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ആറു വർഷക്കാലം ആ പദവിയിലിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K