10 November, 2019 08:33:53 AM


മലയാളത്തിന്‍റെ ആദ്യ നായിക അപമാനിതയായിട്ട്‌ 91 വര്‍ഷങ്ങള്‍; മലയാളത്തിലെ ആദ്യ സിനിമയുടേയും



തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചിട്ട് 91 വര്‍ഷങ്ങള്‍. 1928 നവംബര്‍ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയ്യേറ്ററില്‍ (ഇന്നത്തെ ഏജീസ് ഓഫീസ്) വിഗതകുമാരന്‍റെ ആദ്യ പ്രദര്‍ശനം അഭിഭാഷകന്‍ മുള്ളൂര്‍ ഗോവിന്ദപിള്ള ഉദ്ഘാടനം ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടയാടപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണിത്. 


സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചു എന്നാക്ഷേപിച്ച് തിയറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. ചിത്രത്തില്‍ ഒരു സ്ത്രീ തന്നെ സ്ത്രീവേഷം കെട്ടി എന്നതും പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് കാരണമായി. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. വിഗതകുമാരന്‍റെ പേരില്‍ റോസി നാടു കടത്തപ്പെടുകയും ചെയ്തു.



ക്ഷേത്രകലകളിലും, നാടകങ്ങള്‍ അടക്കമുള്ള സ്റ്റേജ് കലാപരിപാടികളിലും സ്ത്രീവേഷം പുരുഷന്മാര്‍ കെട്ടുന്ന കാലത്ത് ഒരു സിനിമയില്‍ ഒരു സ്ത്രീ അഭിനയിച്ചത് സമൂഹത്തിന് സഹിക്കാവുന്നതായിരുന്നില്ല. ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം നന്നായറിയാവുന്ന ഡാനിയേല്‍ ഒരു നടിക്കായി ബോംബേയില്‍ പലവട്ടം പോയി. ഒരാളെ നിശ്ചയിച്ചതുമാണ്. പക്ഷേ, തന്‍റെ മനസിലുള്ള കഥാപാത്രത്തിന് ഇണങ്ങാത്തതായി തോന്നി. അവസാനം ആ അന്വേഷണം റോസിയിലെത്തുകയായിരുന്നു.  പക്ഷെ, ജെ.സി. ഡാനിയേല്‍ എന്ന മനുഷ്യന്‍റെ സ്വപ്ന സാഫല്യം തിരുവനന്തപുരത്ത് ഒറ്റ പ്രദര്‍ശനത്തോടെ അവസാനിക്കുകയായിരുന്നു ചെയ്തത്. 


വിഗതകുമാരന്‍ തിരുവനന്തപുരത്ത് ഒറ്റപ്രദര്‍ശനത്തില്‍ അവസാനിപ്പിച്ചു എങ്കിലും പിന്നീട് ആലപ്പുഴയില്‍ ഒരാഴ്ചയോളം പ്രദര്‍ശിപ്പിച്ചു. അവിടെ നിന്നാണ് നാഗവള്ളി ആര്‍.എസ്സ്. കുറുപ്പ് അടക്കം കണ്ടതെന്ന് ചരിത്രം പറയുന്നു. പ്രദര്‍ശനത്തിനിടയില്‍ കറണ്ട് പോയപ്പോള്‍ എണീറ്റ പ്രേക്ഷകരോട് കഥ പറയുന്നയാള്‍ 'മലയാളിയുടെ സിനിമയല്ലേ കുറ്റവും കുറവും കാണും. നിങ്ങള്‍ ഇരുന്ന് സഹകരിക്കണം എന്ന കോളാംബിയിലുടെയുള്ള അഭ്യര്‍ത്ഥന പ്രേക്ഷകര്‍ അംഗീകരിച്ച കാര്യവും നാഗവള്ളി പറയുന്നുണ്ട്. 91 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിഗതകുമാരന്‍റെ സംവിധായകന്‍ ജെ.സി ഡാനിയേലോ മറ്റു അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല. സിനിമയുടെ ആദ്യ പ്രിന്‍റ് പോലും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞുവെന്നതും മറ്റൊരു സത്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K