09 November, 2019 05:49:45 PM
അരിയില്‍ കീടനാശിനി: പ്രതിഷേധം വ്യാപകമാകുന്നു; ഏറ്റുമാനൂരിലെ അരിക്കട അടപ്പിച്ചു

ഏറ്റുമാനൂര്‍: അരിയില്‍ കീടനാശിനി വിതറിയ ഏറ്റുമാനൂരിലെ അരിക്കടയ്ക്കെതിരെ പ്രതിഷേധം ശക്തമായി. ശനിയാഴ്ച ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരിക്കട പൂട്ടിച്ചു. ഭക്ഷ്യവസ്തുവില്‍ കീടനാശിനി വിതറിയത് തെളിഞ്ഞിട്ടും വ്യാപാരസ്ഥാപനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയും അധികൃതരും വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിക്കട അടപ്പിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കടയിലിരുന്ന ഏതാനും അരിചാക്കുകള്‍ എടുത്ത് വെളിയിലേക്കെറിഞ്ഞു.
പേരൂര്‍ കവലയിലെ കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ എത്തിച്ച അരിചാക്കുകള്‍ക്കിടയില്‍ അലുമുനിയം സള്‍ഫൈഡ് വിതറിയത് കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യത്തിന് കാരണമായിരുന്നു. ഇവരുടെ അതിരമ്പുഴയിലുള്ള ഗോഡൗണില്‍ നിന്നും എത്തിച്ച അരിചാക്കുകള്‍ ലോറിയില്‍ നിന്നും ഇറക്കികൊണ്ടിരുന്ന കയറ്റിറക്ക് തൊഴിലാളികള്‍ക്കാണ് ശ്വാസതടസവും ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെല്‍ഫോസ് (അലുമുനിയം സള്‍ഫൈഡ്) എന്ന കീടനാശിനി പൊട്ടിച്ച് വിതറിയ നിലയില്‍ കണ്ടെത്തിയത്. പൊടി രൂപത്തിലുള്ള കീടനാശിനി ശരീരത്ത് പറ്റിയതാണ് ചൊറിച്ചിലിന് കാരണമായത്. കീടനാശിനിയുടെ കവറുകളും തൊഴിലാളികള്‍ അരിചാക്കുകള്‍ക്കിടയില്‍ നിന്ന് ശേഖരിച്ചു.
ചുവന്ന മാര്‍ക്കോട് കൂടി അപായമുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഈ കീടനാശിനി ഒരു കാരണവശാലും ആഹാരസാധനങ്ങള്‍ക്കിടയില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് നഗരസഭയുടെ ആരോഗ്യവിദഗ്ധര്‍ അപ്പോള്‍തന്നെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ.തെരസിലിന്‍ ലൂയിസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും വ്യാപാരി അനധികൃതമായാണ് കീടനാശിനി ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സെല്‍ഫോസ് എന്ന കീടനാശിനി കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള ഫ്യൂമിഗേഷന് വേണ്ടി അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ ഇത് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
അതേസമയം, സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗം ആദ്യം അറിയിച്ചത്. എന്നാല്‍ അന്ന് വൈകിട്ട് നടന്ന റെയ്ഡില്‍ ഇവരുടെ അതിരമ്പുഴയിലെ ഗോഡൌണുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംഭവം നടന്ന ഏറ്റുമാനൂരിലെ കട അടപ്പിക്കുന്നതിനോ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനോ നടപടികള്‍ നഗരസഭയോ ഭക്ഷ്യസുരക്ഷാവകുപ്പോ സ്വീകരിച്ചില്ലാ എന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
 
                                

 
                                        



