07 November, 2019 11:01:51 PM


തദ്ദേശ ഭരണമേഖലയിൽ സംയുക്ത പഠനഗവേഷണത്തിന് തുടക്കമിട്ട് കിലയും എംജി സർവകലാശാലയും



കോട്ടയം: തദ്ദേശ ഭരണം, പ്രാദേശിക വികസനം, പഞ്ചായത്തീരാജ് നിയമങ്ങൾ, വികസന കാഴ്ചപ്പാടുകൾ, ലിംഗപഠനം തുടങ്ങിയ മേഖലകളിൽ സംയുക്ത പഠന-ഗവേഷണത്തിന് തുടക്കമിട്ട് മഹാത്മാ ഗാന്ധി സർവകലാശാലയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. സർവകലാശാലയിലെ പഠന ഗവേഷണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണരംഗത്തും പ്രാദേശിക വികസന കാഴ്ചപ്പാടുകളിലും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പരിശീലനങ്ങളും പഠന പ്രോഗ്രാമുകളും സംഘടിപ്പിക്കും. സംയുക്ത പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കും.


വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടന്ന ചടങ്ങിൽ കില ഡയറക്ടർ ഡോ. ജോയി ഇളമണും രജിസ്ട്രാർ പ്രൊഫ. കെ. സാബുക്കുട്ടനും ധാരണാപത്രത്തിൽ ഒപ്പിട്ടു. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, ഗാന്ധിയൻ പഠനവകുപ്പ് മേധാവി പ്രൊഫ. എം.എച്ച്. ഇല്യാസ്, കോഴ്‌സ് കോ-ഓർഡിനേറ്റർ ബിജു ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. കില ഡയറക്ടറുമായി വിദ്യാർഥികൾ സംവദിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K