02 November, 2019 11:39:52 AM


ശബരിമല തീര്‍ത്ഥാടനം: ഏറ്റുമാനൂരില്‍ ഹരിത പെരുമാറ്റചട്ടം; എരുമേലിയില്‍ സേഫ് സോണ്‍ പദ്ധതി
ഏറ്റുമാനൂര്‍: മണ്ഡലമകരവിളക്ക് കാലത്ത്  ശബരിമലയിലും ഏറ്റുമാനൂര്‍, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിലും പ്ലാസ്റ്റിക് നിരോധനം കര്‍ക്കശമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പോലീസിന്റെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തീര്‍ത്ഥാടനകാലത്തിനു മുന്നോടിയായി നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു.


തീര്‍ത്ഥാടനകാലത്ത് ഏറ്റുമാനൂരില്‍ ഹരിതപെരുമാറ്റചട്ടം കര്‍ശനമാക്കുമെന്ന് നഗരസഭാ ആരോഗ്യസ്ഥിരം സമിത അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍  നിന്നുള്ള തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാരവും കുടിവെള്ളവും കൊണ്ടുവരുന്നത് തടയും. പ്ലാസ്റ്റിക്കിനെതിരെ സംഘടിതപ്രവര്‍ത്തനം നടത്തും. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മൂന്ന് ബോട്ടില്‍ ഹട്ടുകള്‍ സ്ഥാപിക്കും. ക്ഷേത്രപരിസരം ദിവസവും രണ്ടു നേരം ഹരിതകര്‍മ്മസേനയും നഗരസഭയുടെ ശുചീകരണതൊഴിലാളികളും ചേര്‍ന്ന് വൃത്തിയാക്കും. എന്നാല്‍ ക്ഷേത്രം വക സ്ഥലത്ത് ദേവസ്വമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.


വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണമെന്നും അല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളിലെ െല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ആരെയും കച്ചവടസ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയുടെ ആരോഗ്യവിഭാഗവും കടകളില്‍ പരിശോധന കര്‍ശനമാക്കും. ഇതിന് മുന്നോടിയായി നവംബര്‍ 6ന് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ മൊബൈല്‍ ലബോറട്ടറി ഏറ്റുമാനൂരില്‍ പരിശോധനയ്‌ക്കെത്തും.


ശബരിമലയിലേക്കുള്ള യാത്രക്കിടയില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും മതിയായ സൗകര്യങ്ങളുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റോറിയം ഉള്‍പ്പെടെ താമസസൗകര്യമുള്ള കെട്ടിടങ്ങള്‍ വിശ്രമ കേന്ദ്രങ്ങളാക്കും. കുടിവെള്ളവും, ശുചിമുറി സൗകര്യവും ഉറപ്പാക്കും.  നിലവിലുള്ള ശുചിമുറികള്‍ക്കു പുറമേ പത്ത്  ബയോ ടോയ്‌ലെറ്റുകളും  സ്ഥാപിക്കും.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമും സി.സി.റ്റി.വി കാമറകളും സജ്ജമാക്കും. വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കും.


തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഭക്തര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് സംവിധാനമേര്‍പ്പെടുത്തും. ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കും. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കും. ഹരിത നിയമാവലി കൃത്യമായി പാലിച്ചും പരാതികള്‍ക്ക് ഇട വരാതെയും തീര്‍ത്ഥാടന കാലം പൂര്‍ത്തികരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.


ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍. വിജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, ദേവസ്വം  കമ്മീഷണര്‍ എന്‍. ഹര്‍ഷന്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ആര്‍ഡിഓ അനില്‍ ഉമ്മന്‍, അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി. കുറുപ്പ്  തുടങ്ങിയവര്‍ പങ്കെടുത്തു.


നവംബര്‍ 15നുള്ളില്‍ എരുമേലി പൂര്‍ണ്ണ സജ്ജമാകുമെന്ന് മന്ത്രിഎരുമേലി: ശബരിമല തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് നവംബര്‍ 15നുള്ളില്‍ എരുമേലി പൂര്‍ണ്ണമായും സജ്ജമാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്.


റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. മണ്ഡലകാലം മുഴുവനും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ യാത്രാ മാര്‍ഗ്ഗങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എരുമേലി ദേവസ്വം ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവസാന ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് ശുചിത്വം ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡിന്‍റെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ ശുചിമുറികള്‍ സജ്ജീകരിക്കുന്നവര്‍ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കണം. ഇത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനും മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.


മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കണം. സിന്ദൂരം വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ ജൈവസിന്ദൂരം മാത്രമേ വില്‍ക്കാവൂ എന്ന് പഞ്ചായത്ത് നിര്‍ദേശം നല്‍കണം
കുടിവെള്ളത്തിന്‍റെ ശുദ്ധിയും ഖരമാലിന്യ നിര്‍മാര്‍ജന പ്ലാന്‍റിന്‍റെ കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. വെള്ളം ശുദ്ധീകരിക്കുന്നതിന് താത്കാലിക പ്ലാന്‍റ് സ്ഥാപിക്കണം. ആവശ്യമെങ്കില്‍ പോലീസിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടാം. എരുമേലി തോട് അടിയന്തരമായി വൃത്തിയാക്കണം. പോലീസിന്‍റെ നിര്‍ദേശപ്രകാരം സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും വേണം.  കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം സര്‍വീസ് നടത്തണം. ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.


കെട്ടിടങ്ങളുടെയും ശുചിമുറികളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന്  ദേവസ്വം പ്രതിനിധി അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പോലീസിന്‍റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് ദേവസ്വം മതിയായ സൗകര്യം ലഭ്യമാക്കും. ഫയര്‍ ഫോഴ്സിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും സേവനം 24 മണിക്കൂറും മേഖലയിലുണ്ടാകും.  മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കും. എരുമേലിയിലും സമീപ മേഖലകളിലുമായി വകുപ്പിന്‍റെ 18 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.  


ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. ഹര്‍ഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, എരുമേലി ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍, കോരൂത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രാജന്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, മറ്റു ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഏറ്റുമാനൂരില്‍ യാത്രാ സൌകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് രൂപരേഖ തയ്യാറാക്കും


ഏറ്റുമാനൂര്‍: തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും മുനിസിപ്പല്‍ അധികൃതരും ചേര്‍ന്ന് രൂപരേഖ തയ്യാറാക്കും. ക്ഷേത്രമൈതാനത്തുനിന്ന് പതിവുപോലെ ദിവസവും ബസ് സര്‍വ്വീസ് ഉള്ളതു കൂടാതെ 24 മണിക്കൂറും ബസുകള്‍ സ്റ്റാന്‍രില്‍ കയറിയിറങ്ങണമെന്ന നിര്‍ദ്ദേശമുണ്ടായി.


നിലവില്‍ സന്ധ്യകഴിഞ്ഞാല്‍ നല്ലൊരു ശതമാനം ബസുകളും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ കയറാറില്ല. യാത്രക്കാര്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറികള്‍ പൂട്ടിയിട്ടിരിക്കുന്നു. സ്റ്റാന്‍റില്‍ വെള്ളമില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും ഒഴിഞ്ഞു കിടക്കുന്നു. യാത്രക്കാര്‍ക്ക് സര്‍വ്വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേരുക.


കഴിഞ്ഞ വര്‍ഷം നടന്ന അവലോകനയോഗത്തിനു ശേഷം ടെമ്പിള്‍ റോഡിലൂടെ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം ക്ഷേത്ര ഉപദേശക സമിതി ഹൈക്കോടതി ഉത്തരവ് ഉപയോഗിച്ച് റദ്ദാക്കിച്ചിരുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ പറ്റാത്തവിധമായി. സീസണായാല്‍ കുരുക്ക് മുറുകുമെന്നും വണ്‍വേ സിസ്റ്റം പുനസ്ഥാപിച്ചാലേ എന്തെങ്കിലും ചെയ്യാനാവു  എന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടികാട്ടി.Share this News Now:
  • Google+
Like(s): 5.4K