01 November, 2019 10:23:53 PM


കക്കി ഡാം തകരുമെന്ന വ്യാജ വാര്‍ത്ത: കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം




പത്തനംതിട്ട: കക്കി ഡാം തകരുമെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. വ്യാജ വാര്‍ത്ത നല്‍കിയ അയിരൂര്‍ വേലൂര്‍ പതാലില്‍ വിജയ ഗോപാല്‍ എന്ന ആള്‍ക്കെതിരെയും ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് ജില്ലാ കളക്ടര്‍ പിബി നൂഹ് നിര്‍ദേശം നല്‍കിയത്.


2019 നവംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും കക്കി ഡാം തകരുമെന്നും, റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിക്ക് ഇടയാക്കുമെന്നതും കൂടാതെ ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇതരസംസ്ഥാന തീര്‍ഥാടകരുടെ വരവിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് ഉടന്‍ നടപടിയെടുക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K