30 October, 2019 10:32:34 PM


ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: കോട്ടയം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം



കോട്ടയം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കോട്ടയം ജില്ലയില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.


തീവ്ര ന്യൂനമര്‍ദത്തിന്‍റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോടു ചേര്‍ന്ന കടല്‍മേഖലയിലൂടെ കടന്നു പോകുന്നതിനാല്‍ മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. ജില്ലയിലെ മലയോര മേഖകളിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള ഗതാഗതത്തിന് വൈകുന്നേരം ആറു മുതല്‍ രാവിലെ ഏഴുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും കടപുഴകി വീഴാനിടയുള്ളതിനാല്‍ ഇവയ്ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഒഴിവാക്കണം.


വൈദ്യുതി കമ്പികള്‍ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വഴിയിലും മറ്റിടങ്ങളിലുമുള്ള വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക് ഷോക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം. അതിരാവിലെ ജോലിക്കുപോകുന്നവരും വിദ്യാര്‍ഥികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം. ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ട സാഹചര്യത്തില്‍ അതത് വില്ലേജുകളില്‍ അടിന്തരമായി ക്യാമ്പുകള്‍ തുടങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ.സുധീര്‍ ബാബു അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.


ജനങ്ങള്‍ അവശ്യ സേവനത്തിന് ജില്ലാ ആസ്ഥാനത്തെയും താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പറുകള്‍ ചുവടെ.


കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം- 0481 2304800, 9446562236

ടോള്‍ഫ്രീ നമ്പര്‍ - 1077
കോട്ടയം താലൂക്ക് -0481 2568007
ചങ്ങനാശ്ശേരി - 04812420037
മീനച്ചില്‍ -048222 12325
വൈക്കം- 04829231331
കാഞ്ഞിരപ്പള്ളി - 04828 202331



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K