18 October, 2019 11:56:48 PM


വിവരാവകാശ കമ്മീഷന്‍റെ ഹിയറിങ്ങിൽ ഹാജരായില്ല; സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി



കൊച്ചി: വിവിധ സർക്കാർ ഓഫീസുകളിലെ പൊതു വിവരാവകാശ ഓഫീസർമാർ വിവരാവകാശ കമ്മീഷന്‍റെ ഹിയറിങ്ങിൽ കാരണം കാണിക്കാതെ ഹാജരാകാതിരിക്കുന്നത് കുറ്റകരമാണെന്നും, ഇതിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷൻ. വെള്ളിയാഴ്ച എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ ഹിയറിങ്ങിൽ നിന്നു വിട്ടു നിന്ന എറണാകുളം വില്ലേജ് ഓഫീസ്, കൊച്ചി കോർപറേഷൻ ഓഫീസ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കമ്മീഷൻ ആസ്ഥാനത്തേക്കു വിളിച്ചു വരുത്തി വിശദീകരണം തേടുമെന്നും, വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ പറഞ്ഞു.


ഇതിൽ കൊച്ചി കോർപറേഷൻ മുഖ്യകാര്യാലയത്തിലെ പൊതു വിവരാവകാശ ഓഫീസർ ഇതു രണ്ടാം തവണയാണ് തുടർച്ചയായി കമ്മീഷന്‍റെ ഹിയറിങ്ങിൽ നിന്നു വിട്ടു നിൽക്കുന്നത്. ഉദ്യോഗസ്ഥർ ഇത്തരത്തിൽ നിരുത്തരവാദിത്വം കാട്ടുകയും വിവരാവകാശ നിയമത്തെയും കമ്മീഷനെയും ധിക്കരിക്കുന്നത് കമ്മീഷൻ ഗൗരവത്തോടെ കാണുകയാണ്.
ചില ഉദ്യോഗസ്ഥർ ബോധപൂർവം വിവരങ്ങൾ മറച്ചുവയ്ക്കുകയും അപേക്ഷ ക രെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ മറുപടി നൽകുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. ചോദിക്കുന്ന വിവരങ്ങളും രേഖകളും ലഭ്യമല്ല എന്ന് വെറുതെ മറുപടി നൽകുന്ന രീതിയും ശരിയല്ല. ഓഫീസിലുണ്ടായിരിക്കേണ്ട ഫയലുകൾ വെറുതെ ലഭ്യമല്ല എന്നു പറയാൻ പാടില്ലെന്നു, അത്തരം രേഖകൾ കണ്ടുപിടിച്ചു നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട് എന്ന് അടുത്തയിടെ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K