16 October, 2019 02:16:46 AM


ഉപതെരഞ്ഞെടുപ്പ്: കോന്നിയില്‍ മദ്യം മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് 29 പേര്‍ അറസ്റ്റില്‍




പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യം, മയക്കുമരുന്ന്, മറ്റു നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം, വിപണനം, ശേഖരണം, കടത്ത് എന്നിവ തടയുന്നതിനായി പത്തനംതിട്ട ഡിവിഷണല്‍ എക്‌സൈസ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ മാത്യു ജോര്‍ജ് അറിയിച്ചു. കോന്നി, ചിറ്റാര്‍, അടൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പെട്രോളിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാണ്.
 
കോന്നി നിയോജകമണ്ഡലം ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമായി ഇതിനോടകം 29 അബ്കാരി കേസുകളും, നാല് എന്‍ഡിപിഎസ് കേസുകളും, 52 കോട്പാ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ലിറ്റര്‍ ചാരായം, 31.7 ലിറ്റര്‍ വിദേശമദ്യം, 110 കിലോ കഞ്ചാവ്, 12 ലിറ്റര്‍ ബിയര്‍, 260 ലിറ്റര്‍ വാഷ് എന്നിവ കണ്ടെടുത്തു. 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
കോന്നി, ചിറ്റാര്‍, അടൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സംയുക്ത റെയ്ഡുകളും വാഹന പരിശോധനകള്‍ നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനപ്രദേശങ്ങളിലും ലേബര്‍ ക്യാമ്പുകളിലും എക്‌സൈസ് വകുപ്പ് പരിശോധന നടന്നു വരുന്നു. കൂടാതെ എക്‌സൈസ് വകുപ്പിന്റെ കീഴില്‍ ലൈസന്‍സ് ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്പിരിറ്റ് സംഭരിക്കുവാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുള്ളതായും അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K