06 October, 2019 06:23:45 PM


നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത വനിതാ വിശ്രമകേന്ദത്തിന് ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ നാല് ലക്ഷം നല്‍കിഏറ്റുമാനൂര്‍: നഗരസഭയുടെ ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത വനിതാ വിശ്രമകേന്ദ്രത്തില്‍ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിന് നാല് ലക്ഷം രൂപാ അഡ്വാന്‍സായി നല്‍കിയെന്ന് ആരോപണം.  നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.വിനോദാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ തുക ലാപ്സായി പോകാതിരിക്കുന്നതിന് ചെലവായി കാണിച്ചതാണെന്നും തന്‍റെ അറിവോടെയല്ല പ്രൊക്യുര്‍കമ്മറ്റി ഫര്‍ണീച്ചര്‍ വാങ്ങുവാന്‍ തീരുമാനിച്ചതെന്നും സൂസന്‍ തോമസ് പറയുന്നു.


നിലവിലെ നഗരസഭാ കാര്യാലയത്തിന് മുകളിലാണ് വനിതകള്‍ക്കായി വിശ്രമകേന്ദ്രം ഒരുക്കുന്നതിന് നഗരസഭ തീരുമാനിച്ചിരുന്നത്. കരാര്‍ ആയെങ്കിലും പണികള്‍ ഇതുവരെയും ആരംഭിച്ചില്ല. വിശ്രമകേന്ദ്രം നിര്‍മ്മിക്കാനുള്ള സ്ഥലം ഇപ്പോള്‍ ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്നതിനുള്ള ഇടമായി ഉപയോഗിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക ലാപ്സായി പോകാതിരിക്കുന്നതിന് വിശ്രമകേന്ദത്തിലേക്കുള്ള സാധനസാമഗ്രികള്‍ക്കും ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. ആ കാലയളവില്‍ ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത് പ്ലാനിംഗ് കമ്മറ്റി ഉപാധ്യക്ഷന്‍ ആയിരുന്ന സിപിഎം അംഗം ബോബന്‍ ദേവസ്യ ആയിരുന്നുവെന്ന് സൂസന്‍ തോമസ് പറയുന്നു.യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ചെയര്‍മാന്‍മാര്‍ സ്ഥിരമായി മാറുന്ന അവസ്ഥയിലും നാല് വര്‍ഷമായി പ്രൊക്യുര്‍മെന്‍റ് കമ്മറ്റി കൂടാതിരുന്നതിനാലും പ്ലാനിംഗ് കമ്മറ്റി ഉപാദ്ധ്യക്ഷന്‍ കൂടിയായ ബോബന്‍ ദേവസ്യയുടെ മേല്‍നോട്ടത്തിലായിരുന്നു സാധനസാമഗ്രികളുടെ ഇടപാടുകള്‍ നടത്തിയിരുന്നത്. ഏതാനും മാസം മുമ്പ് ചെയര്‍മാനും സ്ഥിരം സമിതി അധ്യക്ഷന്‍മാരും സെക്രട്ടറിയും ഉള്‍പ്പെടെ പ്രൊക്യുര്‍മെന്‍റ് കമ്മറ്റി പുനസംഘടിപ്പിച്ചപ്പോള്‍ ബോബന്‍ ദേവസ്യ പുറത്തായി.  പൊതുമരാമത്ത് സ്ഥിരം സമിതി അംഗം കൂടിയായ ബോബന്‍ ദേവസ്യ പുറത്ത് പോകുന്നതിന് മുമ്പ് ഇദ്ദേഹം തന്നെയാണ് പ്ലാന്‍ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ വനിതാ വിശ്രമ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറിയെ ധരിപ്പിച്ച് ചെക്ക് ഒപ്പിടുവിച്ചതെന്ന് സൂസന്‍ തോമസ് പറയുന്നു.


എന്നാല്‍ ബോബന്‍ ദേവസ്യ ഇത് നിഷേധിച്ചു. വനിതാ വിശ്രമകേന്ദ്രത്തിന്‍റെ നിര്‍മ്മാണം ഇത് വരെ ആരംഭിച്ചിട്ടില്ലാ എന്നറിയാവുന്ന സെക്രട്ടറി സാധനസാമഗ്രികള്‍ വാങ്ങാന്‍ ചെക്ക് ഒപ്പിട്ടത് തന്നെ  വന്‍ അഴിമതിയാണെന്നും  കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും അദ്ദേഹം പറയുന്നു. വിശ്രമകേന്ദ്രത്തിലേക്ക് കട്ടിലുകള്‍, സോഫാ, അലമാര, റഫ്രിജറേറ്റര്‍, ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍ തുടങ്ങിയ  സാധനങ്ങള്‍ക്കാണ് അഡ്വാന്‍സ് നല്‍കിയിട്ടുള്ളത്.


എന്നാല്‍ ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ തുക മുന്‍കൂറായി നല്‍കി എന്ന് ആരോപിക്കുന്നവര്‍ എന്തുകൊണ്ടാണ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ കാര്യത്തില്‍ നടന്ന ക്രമക്കേടില്‍ മൌനം പാലിക്കുന്നതെന്നും ചോദ്യം ഉയര്‍ന്നു. ഇവിടെ വാപ്കോസിന് 44 ലക്ഷം രൂപാ അഡ്വാന്‍സായി നല്‍കുവാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഈ തീരുമാനം കൈകൊണ്ടത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെയായിരുന്നു. ക്രമവിരുദ്ധമായാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന കാരണത്താല്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തുക നല്‍കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചെയര്‍മാനോ സമിതി അംഗങ്ങളോ തയ്യാറായിട്ടില്ല. 
Share this News Now:
  • Google+
Like(s): 5.4K