05 October, 2019 11:58:34 PM


പൊള്ളാച്ചി കേന്ദ്രമാക്കി മണിചെയിൻ തട്ടിപ്പ്: പണം നഷ്ടപ്പെട്ടവരിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശികളും




പാലക്കാട്: ജെൻ ടു ജെൻ ട്രെൻഡ് എന്ന കമ്പനി പൊള്ളാച്ചി കേന്ദ്രമാക്കി മണി ചെയിൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പണം നഷ്ടമായവരിൽ മണ്ണാർക്കാട് സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത് വരുന്നു. മണ്ണാർക്കാടും സമീപ പ്രദേശങ്ങളിലുമായി നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായിട്ടുള്ളത്. ഇതിൽ നഗരപരിധിയിൽ തന്നെയുള്ള സ്കൂൾ അധ്യാപകർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരും സാധാരണക്കാരായ ആളുകളും ഉൾപ്പെട്ടിട്ടുണ്ടെന്നറിയുന്നു. എന്നാൽ ഇവർ ഇതുവരെയും പരാതി നൽകാൻ തയ്യാറായിട്ടില്ല.


പുറത്തറിഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതവും നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നതിനാല്ലൊമാണ് ഇവർ പരാതി നൽകാത്തതെന്നറിയുന്നു. പൊള്ളാച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചേലക്കര സ്വദേശിയുടെ കമ്പനിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. കുറഞ്ഞ കാലയളവിനുള്ളിൽ നിക്ഷേപത്തുക ഇരട്ടിയാക്കി നൽകും എന്ന കമ്പനിയുടെ വാഗ്ദാനത്തിൽ പെട്ട് വ്യക്തമായ രേഖകളൊന്നും ഇല്ലാതെയാണ് എല്ലാവരും പണം നൽകിയിട്ടുള്ളത് എന്നാണറിയുന്നത്. കോടികൾ കൈമറിഞ്ഞ ഇടപാടിൽ മണ്ണാർക്കാട് നിന്നു മാത്രം ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായിരിക്കുന്നത് എന്നാണറിയുന്നത്.

ജില്ലയിലെ 13 സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചുവെങ്കിലും മണ്ണാർക്കാട് സ്റ്റേഷനിൽ ഇതുവരെ പരാതി ലഭിച്ചതായി വിവരമില്ല. ലഭിച്ച പരാതികളിൽ കർശന നടപടികളെടുക്കാൻ എസ്.പി.ജി.ശിവ വിക്രം പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മംഗലാംകുന്ന്, ശ്രീകൃഷ്ണപുരം, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലുള്ള കമ്പനിയുടെ തുടക്കകാലത്തെ പ്രവർത്തകരിലൂടെയാണ് മണ്ണാർക്കാടുള്ള നിരവധി പേർ പണം നിക്ഷേപിച്ചിട്ടുള്ളത് എന്നാണറിയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K