03 October, 2019 12:14:21 PM


കല്യാണമേളങ്ങളും താലികെട്ടുമില്ലാതെ നടന്ന 'ഒത്തുചേരലി'ന് ഗാന്ധിജയന്തി ദിനത്തിൽ 31-ാം വാർഷികംകോട്ടയം: നിലവിളക്കും മെഴുകുതിരിയും പുരോഹിതനും പാതിരിയും താലികെട്ടുമില്ലാതെ പൂമാലകള്‍ പരസ്പരം ചാര്‍ത്തി 31 വര്‍ഷം മുമ്പ് ഗാന്ധിജയന്തി ദിനത്തില്‍ നടന്ന വിവാഹചടങ്ങുകള്‍ അയവിറക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന തിരുവാതുക്കല്‍ യോബല്‍ വീട്ടില്‍ ജെ. എബ്രഹാമും സംസ്ഥാന ഫോറസ്റ്റ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ സീനിയര്‍ സൂപ്രണ്ടായ ആലിസ് മാമ്മനും. മതത്തിന്‍റെ അതിർവരമ്പുകളില്ലാതെ ഒന്നായ എബ്രഹാമും ഭാര്യയും പിന്നീടിങ്ങോട്ടുള്ള ജീവിതം നയിച്ചതും മനുഷ്യൻ എന്ന ഒറ്റ ജാതിയില്‍ വിശ്വസിച്ച് മാത്രം. എബ്രഹാം ആലീസിനെ തന്‍റെ ജീവിതസഖിയാക്കാന്‍ ഗാന്ധിജയന്തിദിനം തന്നെ തിരഞ്ഞെടുത്തത് ഇദ്ദേഹം ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ മുറുകെ വിശ്വസിക്കുന്ന ആളായതുകൊണ്ടും. 


പത്താം വയസില്‍ മതം ഉപേക്ഷിച്ച എബ്രഹാമിന് 17 വയസ് തികഞ്ഞതിനു ശേഷം കുടുംബത്തില്‍ നടന്ന സകല വിവാഹങ്ങളും സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചായിരുന്നു. ഇവരുടെ പാത പിന്തുടർന്ന് ജീവിച്ച മക്കളും തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തിയത് ജാതിമത ചിന്തകളുടെ വേലികെട്ടിനപ്പുറത്ത് നിന്ന് ഇതേ ആശയത്തിൽ ജീവിക്കുന്നവരെയും. എബ്രഹാമിന്‍റെ രണ്ട് പെണ്‍മക്കളില്‍  മൂത്തയാളും എഞ്ചിനീയറുമായ യാര അധ്യാപകനായ ഇരിങ്ങാലകുട സ്വദേശി അനൂപിനെ വിവാഹം കഴിച്ചത് 30 ദിവസത്തെ നോട്ടീസ് നല്‍കി രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിലായിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകയായ രണ്ടാമത്തെ മകള്‍ അഡ്വ.ഡെല്ലയെ ജീവിതസഖിയാക്കിയത് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനും പത്രപ്രവര്‍ത്തകനുമായ ഉദയരവിയാണ്.  കൊട്ടും കുരവയും പ്രാര്‍ത്ഥനകള്‍ക്കും പകരം ഉള്ളൂരിന്‍റെ പ്രേമസംഗീതം കവിത ഇവരുടെ വിവാഹത്തിന് അകമ്പടിയായത് വാര്‍ത്തയായിരുന്നു. 


എബ്രഹാം ജോയല്‍ എന്ന ജെ.എബ്രഹാം ഗാന്ധിജയന്തി ദിനത്തിലെ തങ്ങളുടെ വിവാഹ വാർഷികം ഓർമ്മിപ്പിച്ച്  ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു.


'ഒരു ഗാന്ധി ജയന്തി ദിനം കൂടെ കടന്നു പോകുമ്പോൾ ഞങ്ങൾ ജീവിത പങ്കാളിത്തം ഏറ്റെടുത്തിട്ട് മുപ്പത്തി ഒന്ന് വർഷം പൂർത്തിയാക്കിയിരിക്കുന്നു. 1988-ലെ ഗാന്ധിജയന്തി ദിനത്തിൽ തിരുവല്ല മഞ്ഞാടിയിലെ 'ഡൈനാമിക് ആക്ഷൻ' മാസിക (ഇന്നതില്ല) ആഫീസ് സ്ഥിതി ചെയ്തിരുന്ന തെങ്ങിൻ തോപ്പിൽ ആളുകളെ  വിളിച്ചു കൂട്ടി നിലവിളക്കും മെഴുകുതിരിയും പുരോഹിതനും പാതിരിയുമില്ലാതെ നടത്തിയ ഒത്തുചേരൽ ചടങ്ങിൽ സന്തോഷം പങ്കുവച്ചവരോടൊപ്പം ആശങ്കപ്പെട്ടവരും പൊട്ടിക്കരയുന്നവരുമുണ്ടായിരുന്നു. മതത്തിന്റെ പിൻബലമില്ലാതെ ഇതെത്ര നാൾ മുന്നോട്ടു പോകും എന്ന് ആകുലപ്പെട്ടവർ ! ഞങ്ങളുടെ രണ്ടു പെൺ മക്കളേയും വിവാഹം കഴിക്കുവാൻ മതേതര കുടുംബങ്ങളിൽ നിന്നു തന്നെ ധീരരായ യുവാക്കളെ കണ്ടെത്തുവാൻ കഴിഞ്ഞു. അവരും മതേതര ജീവിതവുമായി മുന്നോട്ട്. ഈ ചെറു തിരികൾ ഒരുജ്വല ജ്വാലയായ് മാറുന്ന കാലം സ്വപ്നം കാണുന്നു.'

Share this News Now:
  • Google+
Like(s): 6.8K