28 September, 2019 10:51:45 AM


ശബരിമല പോലെ സുപ്രീം കോടതി വിധിയാണ് മരടിലേതും; സര്‍ക്കാരിനെതിരെ ദേവസ്വം പ്രസിഡന്‍റ്




പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനം തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ മരടിലെ ഫ്‌ളാറ്റ് പൊളിക്കലിനോട് കാട്ടുന്ന സമീപനത്തില്‍ വിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തലവന്‍ എ പത്മകുമാര്‍. ശബരിമലയിലേത് പോലെ തന്നെ മരട് ഫ്‌ളാറ്റിന്റെ കാര്യത്തിലുള്ളതും സുപ്രീംകോടതി വിധിയാണെന്നും മരടില്‍ പത്തോ അമ്പതോ ഉടമകളേയുള്ളൂ എന്നാല്‍ ശബരിമലയില്‍ ലക്ഷക്കണക്കിന് വിശ്വാസികളുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.


ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും പ്രവേശിച്ചതിനെ യുവതികള്‍ പ്രവേശിച്ചതായി കണക്കാക്കേണ്ട. വെല്ലുവിളിച്ചു കയറുന്നതും അല്ലാതെ കയറുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നവോത്ഥാനമെന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതല്ല. പിന്നാക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും പറഞ്ഞു. തന്റെ കുടുംബത്തിന്റെ പശ്ചാത്തലം അറിഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരുത്തിയത്. തന്റെ വീട്ടില്‍ നിന്നും ആരും ശബരിമലയ്ക്ക് പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.


ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K