27 September, 2019 09:55:07 PM


യു.എന്‍ ജനറല്‍ അസംബ്ലിയില്‍ തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


UN assembly, PM Modi


ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. സമാധാനവും സൗഹാര്‍ദവുമാണ് ഇന്ത്യയ്ക്ക് ലോകത്തിന് നല്‍കാനുള്ള സന്ദേശം. മറിച്ച് കലഹത്തിന്റേത് അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ പോരാടാന്‍ ലോകം ഒരുമിക്കണം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ആഗോള വെല്ലുവിളിയും തീവ്രവാദമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് തീവ്രവാദത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നേതൃനിരയില്‍ തന്നെ പോരാടുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള താപനത്തില്‍ ഇന്ത്യയുടെ സംഭാവന വളരെ കുറവാണ്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലയില്‍ വീണ്ടും സംസാരിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ ജനവിധിയാണ് അതിന് കാരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന് ശേഷം യു.എന്‍ ജനറല്‍ അസംബ്ലി ഹാളിന് പുറത്ത് ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മോഡിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചില നേതാക്കള്‍ തീവ്രവാദത്തെ ഇസ്ലാമുമായി കൂട്ടിക്കെട്ടുകയാണെന്നും തീവ്രവാദത്തിന് മതമില്ലെന്നും ഇമ്രാന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന പത്ത് രാജ്യങ്ങളിലൊന്ന് പാക്കിസ്ഥാനാണെന്നും ഇമ്രാന്‍ പറഞ്ഞു. ഇമ്രാന്റെ പ്രസംഗം തുടരുകയാണ്. കശ്മീര്‍ വിഷയവും പാക്കിസ്ഥാന്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K