27 September, 2019 09:44:32 PM


'ഇന്ദ്രാണി മുഖര്‍ജിയെ കണ്ടിട്ടില്ല' കോടതിയില്‍ പി.ചിദംബരത്തിന്റെ നിര്‍ണായക മൊഴി

 

 Indrani Mukerjea


ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ലെന്ന് അറസ്റ്റിലായ മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. ധനമന്ത്രിയെ കാണുന്നതിന് ദിവസവും നിരവധിയാളുകളാണ് എത്തുന്നത്. സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പിക്കാമെന്നും ചിദംബരം കോടതിയില്‍ അറിയിച്ചു.

അതേസമയം, അഴിമതി കേസിലെ സന്ദര്‍ശക ഡയറി അടക്കമുള്ള സുപ്രധാന രേഖകളെല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. എന്നാല്‍ സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മാപ്പുസാക്ഷിയാണ് ഇന്ദ്രാണി മുഖര്‍ജി. ഇവരും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്നാണ് ഐഎന്‍എക്‌സ് മീഡിയാ കമ്പനി ആരംഭിച്ചത്. ഇതിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നുമാണ് സിബിഐയുടെ വാദം.

ചിദംബരത്തിന്റെ മകനും കേസില്‍ പ്രതിയുമായ കാര്‍ത്തിയുടെ കമ്പനിക്ക് വിദേശ പണം വാങ്ങിയാണ് ഐഎന്‍എക്‌സിന് അനുമതി നല്‍കിയതെന്നാണ് മൊഴി. ഇന്ദ്രാണി കുറ്റസമ്മത മൊഴി നല്‍കി മാപ്പ് സാക്ഷിയായതിന് പിന്നാലെയാണ് ചിദംബരം അറസ്റ്റിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K