27 September, 2019 12:32:44 PM


ചരിത്രമെഴുതി മാണി സി.കാപ്പൻ; 54 വർഷത്തിനു ശേഷം പാലായ്ക്ക് പുതിയ എംഎൽഎ



പാലാ: കേരളാ കോണ്‍ഗ്രസിന്‍റെയും അന്തരിച്ച രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ.എം.മാണിയുടെയും തട്ടകമായ പാലായിൽ കോട്ടകള്‍ പിടിച്ചടക്കി ചരിത്രം കുറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പൻ. 54 വർഷത്തിനു ശേഷം പുതിയ എംഎൽഎയെ തന്നെയാണ് പാലായ്ക്ക് ലഭിച്ചത്. 51384 വോട്ടുകള്‍ നേടിയാണ് മാണി സി.കാപ്പന്‍ വിജയിച്ചത്.


54 വര്‍ഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ചിരിക്കുകയാണ് മാണി സി.കാപ്പന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനോട് 2943 വോട്ട് ഭൂരിപക്ഷത്തിന്‍റെ വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയത്.


യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്‍ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പന്‍ തന്നെയായിരുന്നു മുന്നില്‍. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എന്‍.സി.പി നേതാവാണു മാണി സി.കാപ്പന്‍.


അതേസമയം,​ മാണി സി കാപ്പന്‍ മുന്നിലെത്തിയതോടെ കേരളാ കോണ്‍ഗ്രസില്‍ പോര് തുടങ്ങി. ജോസ് കെ.മാണി വിഭാഗത്തിന്‍റെ വോട്ടാണ് എല്‍.ഡി.എഫിനു മറിഞ്ഞതെന്നു മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാല്‍ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. അതേസമയം,​ യു.ഡി.​എഫിന്‍റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.


വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എൻഡിഎ സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എൻ.ഹരി പറഞ്ഞു. വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ഉണ്ടായ മുന്നേറ്റം തന്‍റെ വ്യക്തിപരമായ ജയമല്ലെന്നും എല്‍ഡിഎഫിന്‍റെ കൂട്ടായ വിജയമാണെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. ചില ചാനലുകള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവര്‍ത്തകരുടെ ആവേശം കെടുത്തിയെങ്കിലും വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.പാലാ കാർമൽ പബ്ലിക് സ്കൂളിലാണു വോട്ട് എണ്ണിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K