23 September, 2019 06:42:12 PM


പാലാ വിധിയെഴുതി: 71.48 ശതമാനം പോളിംഗ്; മാണിയുടെ പിന്‍ഗാമിയ്ക്കായി ഇനി മൂന്ന് നാള്‍ കാത്തിരിപ്പ്



പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്കുശേഷം മഴ പെയ്തതോടെ കാര്യങ്ങള്‍ മന്ദഗതിയിലായി. രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ ബൂത്തുകളിലൊക്കെ വോട്ടര്‍മാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. പത്തു മണിയായപ്പോഴേക്കും പോളിംഗ് ശതമാനം 20 കടന്നിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. കേരളാകോണ്‍ഗ്രസിലെ തമ്മിലടിയും വിവാദവും പോളിംഗ് ദിനത്തിലും തുടര്‍ന്നു. 

ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ പലയിടത്തും വോട്ടര്‍മാരുടെ വരവ് കാര്യമായി കുറഞ്ഞു. വൈകുന്നേരം മൂന്നരയോടെ വോട്ടു ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാവിലെ മോക് പോളിംഗ് സമയത്ത് മൂന്നിടത്ത് യന്ത്രത്തകരാറുണ്ടായി. മുത്തോലി, പുലിയന്നൂര്‍ കലാനിലയം സ്കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം പോളിംഗ് നിര്‍ത്തിവച്ചു. കേടുപാടുകളെത്തുടര്‍ന്ന് ആറിടത്തെ വിവിപാറ്റ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചു. 



ഉരുളികുന്നത്ത് യന്ത്രത്തകരാര്‍ മൂലം പോളിംഗ് അരമണിക്കൂര്‍ തടസ്സപ്പെട്ടു. പാലാ നഗരസഭയിലെ 128ാം നമ്പര്‍ ബൂത്തില്‍ വയോധികന്‍റെ വോട്ട് ആളുമാറി ചെയ്തെന്നാരോപിച്ച് ഏജന്‍റുമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പല ബൂത്തുകളിലും ആവശ്യത്തിന് വെളിച്ചമില്ലെന്ന് ആരോപിച്ച് ജോസ് കെ മാണി രംഗത്തെത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഒരു മണിക്കൂറിനകം പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനമായിരുന്നു പാലായിലെ പോളിംഗ് നില. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K