22 September, 2019 06:05:43 PM


സര്‍വ്വസജ്ജം: പാലാ നാളെ പോളിംഗ് ബൂത്തിലേക്ക് ; ഏക പിങ്ക് ബൂത്ത് കിഴതടിയൂര്‍ സ്കൂളില്‍പാലാ: നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായി 176 പോളിംഗ് ബൂത്തുകളും ഒരുങ്ങി. വോട്ടെടുപ്പ് സെപ്റ്റംബര്‍ 23ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം കൃത്യമെന്ന് ഉറപ്പാക്കുന്നതിനുള്ള മോക് പോള്‍ രാവിലെ ആറിന് ആരംഭിക്കും. എല്ലാ ബൂത്തുകളിലും 50 വോട്ടുകള്‍ ചെയ്ത് യന്ത്രങ്ങള്‍ ഉപയോഗസജ്ജമെന്ന് ഉറപ്പാക്കി,  മോക്പോള്‍ ഫലം മായ്ച്ചതിനുശേഷമാകും  വോട്ടിംഗിനായി സജ്ജമാക്കുക.  വൈകുന്നേരം ആറിന് ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കും.


പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്നാണ് ഞായറാഴ്ച പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. ഓരോ ബൂത്തിലേക്കും നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസറും മൂന്നു പോളിംഗ് ഓഫീസര്‍മാരും ചേര്‍ന്ന് ഇവ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 1.30നുള്ളില്‍ എല്ലാ ബൂത്തുകളിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടു.  പ്രത്യേകം ഏര്‍പ്പെടുത്തിയ 44 വാഹനങ്ങളില്‍ പോലീസ് സംരക്ഷണത്തിലാണ് ഇവരെ കൊണ്ടുപോയത്. എല്ലാ സംഘങ്ങളും ഉച്ചകഴിഞ്ഞ്  3.15നു മുന്‍പ് ബൂത്തുകളിലെത്തി.  വൈകുന്നേരം അഞ്ച് മണിയോടെ ബൂത്തുകളിലെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.


സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ജി.പി.എസ് ട്രാക്കിംഗ്


പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെയും അവശ്യ സാഹചര്യത്തില്‍ റിസര്‍വ് വോട്ടിംഗ് യന്ത്രങ്ങള്‍ താമസംകൂടാതെ എത്തിക്കുന്നതിന്‍റെയും ചുമതല സെക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ്. 19 സെക്ടറല്‍ ഓഫീസര്‍മാരാണ് പാലായിലുള്ളത്. ഓരോരുത്തരെയും  നിശ്ചിത എണ്ണം ബൂത്തുകളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. വോട്ടിംഗ് സമയത്ത് ഇവര്‍ ഈ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും.


റിസര്‍വ് യന്ത്രങ്ങള്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ വാഹനങ്ങളില്‍തന്നെയാണ് സൂക്ഷിക്കുന്നത്. സാങ്കേതിക സഹായത്തിനായി ഭാരത് ഇലക്ട്രിക്കല്‍സിലെ എന്‍ജിനീയര്‍മാരും വാഹനത്തിലുണ്ടാകും. സെക്ടറല്‍ ഓഫീസര്‍മാര്‍ എവിടെയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിലും വരണാധികാരിയുടെ ഓഫിസീലും കൃത്യമായ വിവരം ലഭിക്കുന്നതിനായി ജി.പി.എസ് ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വോട്ടിംഗ് വിവരങ്ങള്‍ വേഗത്തില്‍ ക്രോഡീകരിക്കാന്‍ മൊബൈല്‍ ആപ്


വോട്ടിംഗ് പുരോഗതിയും പോളിംഗ് ബൂത്തുകളില്‍നിന്നുള്ള മറ്റു വിവരങ്ങളും പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെ (എന്‍.ഐ.സി) ആപ്ലിക്കേഷന്‍ എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വിതരണ കേന്ദ്രത്തില്‍നിന്ന് പോളിംഗിനായി പുറപ്പെടുന്നതു മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിംഗ് സാമഗ്രികളുമായി വിതരണ കേന്ദ്രത്തില്‍ തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ടത്.


രാവിലെ വോട്ടിംഗ് ആരംഭിക്കുമ്പോള്‍ മുതല്‍ വോട്ടിംഗ് നില സംബന്ധിച്ച വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യും. ഈ വിവരങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ കമ്പ്യൂട്ടറുകളില്‍ ലഭിക്കത്തക്കവിധമാണ് ക്രമീകരണം. വോട്ടു ചെയ്ത സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം വേര്‍തിരിച്ചറിയാനാകും. പോളിംഗ് തടസപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍  വിവരം അറിയിക്കുന്നതിനുള്ള എസ്.ഒ.എസ് സംവിധാനവും ആപ്പിലുണ്ട്. ക്രമസമാധാന പ്രശ്നം, വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍, വൈദ്യുതി തടസ്സം തുടങ്ങിയവയും അറിയിക്കാനാകും.


പിങ്ക് ബൂത്ത് ഒരുങ്ങിഉപതിരഞ്ഞെടുപ്പിലെ ഏക  പിങ്ക് പോളിംഗ് ബൂത്ത് കിഴതടിയൂര്‍ സെന്‍റ് വിന്‍സെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സജ്ജമായി. പോളിംഗിനും സുരക്ഷയ്ക്കും ഇവിടെ നിയോഗിക്കപ്പെട്ടിരിക്കുന്നവരെല്ലാം വനിതാ ഉദ്യോഗസ്ഥരാണ്.  
പ്രിസൈഡിംഗ് ഓഫീസര്‍ ആനിക്കാട് സെന്‍റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക റീമ വി. കുരുവിളയുടെ നേതൃത്വത്തിലാണ് ബൂത്ത് പ്രവര്‍ത്തിക്കുക.


നാഗമ്പടം സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫീസിലെ അനുജ എം. മോഹനന്‍, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എസ്. നിഷ, വ്യവസായ വകുപ്പിലെ ഷീന വി. നായര്‍ എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ പോളിംഗ് ഓഫീസര്‍മാര്‍. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. സുബിക്കാണ് സുരക്ഷാ ചുമതല. പാലാ കാര്‍മല്‍ സ്കൂളില്‍നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉച്ചയോടെയാണ് വനിതാ സംഘം പോളിംഗ് ബൂത്തിലെത്തിയത്. വൈകുന്നേരത്തോടെ ബൂത്ത് സജ്ജീകരണം പൂര്‍ത്തിയായി.Share this News Now:
  • Google+
Like(s): 4.8K