18 September, 2019 02:21:05 PM


പലവട്ടം അനുവദിച്ച ഫയര്‍ സ്റ്റേഷന് വീണ്ടും ശുപാര്‍ശ; സ്ഥലം കിട്ടാതെ നടപ്പിലാകില്ലെന്ന് അധികൃതര്‍
ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലും ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുമോ എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പല വട്ടം അനുവദിക്കുകയും എന്നാല്‍ ഇന്നേവരെ നടപ്പിലാകാതിരിക്കുകയും ചെയ്ത ഫയര്‍ സ്റ്റേഷനുകള്‍ക്ക് വേണ്ടി പുതിയ ശുപാര്‍ശ സംസ്ഥാന ഫയര്‍ ആന്‍റ് റസ്ക്യു വിഭാഗത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് വീണ്ടും ജനങ്ങള്‍ക്ക് സംശയമായത്. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍, കുമരകം, എരുമേലി എന്നിവിടങ്ങളിലേതുള്‍പ്പെടെ സംസ്ഥാനത്ത് 31 അഗ്നിരക്ഷാനിലയങ്ങള്‍ പുതുതായി സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശയാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.


ജില്ലയില്‍ കുമരകത്തും ഏറ്റുമാനൂരിലും പുതിയ ഫയര്‍ സ്റ്റേഷനുകള്‍ വളരെ നേരത്തെ തന്നെ പ്രഖ്യാപിത ലിസ്റ്റില്‍ ഉള്ളതാണ്. എന്നാല്‍ അനുയോജ്യമായ സ്ഥലം ലഭിക്കാതെ വന്നത് തടസമായി മാറുകയായിരുന്നു. ഇതോടെ ഇരു സ്റ്റേഷനുകളും ചുവപ്പു നാടയില്‍ കുരുങ്ങി. സ്ഥലം ലഭിക്കുന്നില്ലെന്ന സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും ശുപാര്‍ശയുമായി ഫയര്‍ ആന്‍റ് റസ്ക്യു വിഭാഗം രംഗത്തെത്തിയത്. പുതിയ ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുവാന്‍ ഇപ്പോഴത്തെ സാമ്പത്തികഞെരുക്കം തടസമാകുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഏറ്റുമാനൂരില്‍ പുതിയതായി പ്രഖ്യാപിക്കപ്പെട്ട താലൂക്ക് സാമ്പത്തിക പ്രശ്നത്തിന്‍റെ പേരില്‍ ധനകാര്യവകുപ്പ് വിയോജനക്കുറിപ്പ് എഴുതിയതിനെ തുടര്‍ന്ന് നടപ്പിലാകാതെ പോയത് ഉദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നു. 


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കെ മാടപ്പാട് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞ് കത്ത് നല്‍കിയതാണ്. എന്നാല്‍ ഇവിടെ നിന്നും ടൗണിലേക്കുള്ള റോഡിന് വീതി കുറവാണെന്ന കാരണത്താല്‍ നിരസിക്കപ്പെട്ടു. പിന്നീട് പോലീസ് സ്റ്റേഷന്‍റെ സമീപത്തുള്‍പ്പടെയുള്ള സ്ഥലങ്ങള്‍ നോക്കിയെങ്കിലും ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സ്വകാര്യ ബസ് സ്റ്റാന്‍റിന് സമീപം വെറുതെ കിടന്ന സ്ഥലം ഫയര്‍ സ്റ്റേഷന് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ടൗണില്‍ നിന്ന് ഏത് ഭാഗത്തേക്കും പെട്ടെന്ന് പോകുവാനും വരുവാനും സാധിക്കുന്ന ഈ സ്ഥലം വിട്ടുകൊടുക്കണമെന്ന ആവശ്യം ഗ്രാമപഞ്ചായത്തും പിന്നീട് നഗരസഭയും തള്ളികളഞ്ഞു.  


പിന്നീട് കോടതിപടിയില്‍ കെ.എസ്.ഈ.ബി സെക്ഷന്‍ ഓഫീസിനോട് ചേര്‍ന്നുള്ള റവന്യു വകുപ്പ് വക സ്ഥലം  സൗകര്യപ്രദമാണെന്ന് കണ്ടെത്തുകയും തുടര്‍നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തിരുന്നു. സ്ഥലം അളക്കുന്ന ജോലികള്‍ വരെ തീര്‍ന്നതാണ്. ഇതിന് പിന്നാലെയാണ് എതിര്‍പ്പുമായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. തങ്ങള്‍ കൈവശം വെച്ചിരിക്കുന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്സ് പണിയണമെന്ന ആവശ്യവുമായാണ് ഇവര്‍ തടസവാദങ്ങള്‍ ഉന്നയിച്ചതെന്ന് ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 


ഏറ്റുമാനൂരിലും പരിസരങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളില്‍ ഫയര്‍ ഫോഴ്സിന്‍റെ സേവനം ലഭിക്കുന്നത് വളരെ വൈകിയാണെന്ന സാഹചര്യം നിലനില്‍ക്കെയാണ് പുതിയ ഫയര്‍ സ്റ്റേഷനുള്ള മുറവിളി ഉയര്‍ന്നു തുടങ്ങിയത്. കോട്ടയം, കടുത്തുരുത്തി, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് നിലവില്‍ ഫയര്‍ ഫോഴ്സ് എത്തുന്നത്. കോട്ടയം സ്റ്റേഷനിലേക്ക് വിളിക്കുമ്പോള്‍ എന്തെങ്കിലും അസൗകര്യമുള്ള ഘട്ടങ്ങളിലാണ് കടുത്തുരുത്തിയില്‍ നിന്നും പാമ്പാടിയില്‍ നിന്നും യൂണിറ്റെത്തുക. കോട്ടയം, ഏറ്റുമാനൂര്‍ നഗരങ്ങളിലെ ഗതാഗത കുരുക്ക് പലപ്പോഴും ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് പ്രശ്നമാകാറുണ്ട്. 


യൂണിവേഴ്സിറ്റി, റയില്‍വേ സ്റ്റേഷന്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കെ.എസ്.ഈ.ബി സബ്സ്റ്റേഷന്‍, ഐടിഐ, മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ഇവയെല്ലാം ഏറ്റുമാനൂരിലും പരിസരത്തുമായുള്ള സ്ഥാപനങ്ങളാണ്. ഇവിടെയൊക്കെ ഒരപകടം ഉണ്ടായാല്‍ ഫയര്‍ ഫോഴ്സിന്‍റെ സേവനം സമയത്ത് ലഭിക്കാതെ വരുന്നതാണ് ഇന്നത്തെ അവസ്ഥ. ഇത്രയധികം സങ്കീര്‍ണ്ണമായ പ്രശ്നമായിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരോ മറ്റ് ജനപ്രതിനിധികളോ മുന്‍കൈ എടുക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുകയാണ്.Share this News Now:
  • Google+
Like(s): 344