16 September, 2019 10:11:20 AM


'ഇല്ലാത്ത' സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവറില്‍ നിന്നും പിഴ ഈടാക്കി പൊലീസ്



മുസാഫര്‍പൂര്‍: സീറ്റ് ബെല്‍റ്റ് ഇടാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പിഴയടിച്ച് പൊലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആയിരം രൂപ പിഴയടക്കേണ്ടി വന്നത്. 

ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് പൊലീസുകാര്‍ വിശദമാക്കുന്നത്. ഡ്രൈവര്‍ ദരിദ്രനായതിനാല്‍ ഇയാളില്‍ നിന്ന് ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഈടാക്കിയതെന്നും സരൈയിലെ പൊലീസുകാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ പിഴ ഈടാക്കുന്നതിലെ ന്യായമെന്താണെന്നാണ് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ ചോദിക്കുന്നത്.

ഭേദഗതി ചെയ്ത മോട്ടർ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും ധരിക്കുന്നത് കർശനമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്കുള്ള പിഴയില്‍ വന്‍ തോതില്‍ വർധനയുമുണ്ടായിരുന്നു. എന്നാൽ നിയമത്തിൽ മോട്ടർ വാഹനങ്ങൾ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമർശിക്കുന്നില്ലെന്നാണ് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K