11 September, 2019 12:58:47 PM


മോട്ടോർ വാഹന നിയമ ഭേദഗതി; നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കാൻ കേരളം



തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിശോധിക്കും. ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിർദ്ദേശം നല്‍കി. 16 ന് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്രത്തിന് കത്തയക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഓർഡിനൻസിൽ നിയമ വകുപ്പ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നീക്കം.


മോട്ടോർ വാഹന നിയമ ഭേദഗതി ആറ് സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 


ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്പത് ശതമാനമായി കുറച്ച ഗുജറാത്ത് സർക്കാരിന്‍റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വലിയ പിഴ ഈടാക്കുന്നത് ഇപ്പോൾ താല്ക്കാലികമായ നിർത്തിവച്ചിരിക്കുയാണ്. ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്ക് പകരം ബോധവൽക്കരണം നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K