09 September, 2019 10:06:00 AM


പാലായില്‍ ജോസ് ടോമിന് 'എട്ടിന്‍റെ പണി'യുമായി അപര സ്ഥാനാര്‍ത്ഥി കര്‍ഷകനായ ടോം തോമസ്



പാല: കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം നില നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളം മുഴുവനും ഉറ്റുനോക്കുന്ന പാല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് മുട്ടന്‍ പണി. ചിഹ്നത്തിന്റെ കാര്യത്തില്‍ ആദ്യം തന്നെ പണി കിട്ടിയിരിക്കുന്ന ജോസ് ടോമിന് ടോം തോമസ് എന്ന അപര ശല്യമാണ് പുതിയ തലവേദന. വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒൻപതാമതുമാണ്.

​ഇത് ആശയക്കുഴപ്പമുണ്ടാക്കുമോ എന്നാണ് യുഡിഎഫിന് ആശങ്ക. റബര്‍ കര്‍ഷകനാണ് ടോം തോമസ് മത്സരരംഗത്ത് വന്നിരിക്കുന്നത് ഇടത് നേതാക്കളുടെ അറിവോടെയാണെന്നാണ് യുഡിഎഫ് ആരോപണം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ ബന്ധമില്ലെന്ന് ടോം തോമസ് പറയുന്നുണ്ടെങ്കിലും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ഇയാളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ജോസ് കെ മാണി - പിജെ ജോസഫ് തര്‍ക്കം കൊണ്ട് കേരളാകോണ്‍ഗ്രസിനും യുഡിഎഫിനും ഒരുപോലെ തലവേദനയായി മാറിയിരിക്കുകയാണ് പാല ഉപതെരഞ്ഞെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണു യു.ഡി.എഫിന്റെ കോട്ടയായ പാലായിലേത്. പാലായില്‍ തോറ്റാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഗംഭീരവിജയം മറവിലിലേക്കു പോകും.

കെ.എം. മാണി 54 വര്‍ഷമായി വിജയിച്ച മണ്ഡലത്തില്‍ പരാജയം യു.ഡി.എഫിന്റെ ചിന്തകള്‍ക്കുമപ്പുറത്താണ്. യു.ഡി.എഫില്‍ ഇവരുടെ നിലനില്‍പ്പ് പാലായിലെ ജനവിധിയുടെ അടിസ്ഥാനത്തിലാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിഹ്‌നത്തര്‍ക്കം കഴിഞ്ഞു. ജോസ് ടോം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ മാത്രം സ്ഥാനാര്‍ഥിയല്ല, യു.ഡി.എഫ്. സ്വതന്ത്രനായാണു മത്സരിക്കുന്നത്.

അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നു സ്ഥാനാര്‍ഥി നിര്‍ണയ സമയത്തുതന്നെ കോണ്‍ഗ്രസ് നേതൃത്വം ജോസഫ്, ജോസ് ഗ്രൂപ്പുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ ത്തന്നെ, തമ്മിലടി മുന്നണിയെ ദുര്‍ബലമാക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യു.ഡി.എഫില്‍ ഇവരുടെ നിലനില്‍പ്പ് പാലായിലെ ജനവിധിയുടെ അടിസ്ഥാനത്തിലാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K