02 September, 2019 12:31:21 PM


ഒടുവിൽ ജോസഫ് വഴങ്ങി: യുഡിഎഫിനായി പ്രവർത്തിക്കും; 'രണ്ടില'യിലെ തർക്കം തീർന്നില്ല




കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനെച്ചൊല്ലി രൂപപ്പെട്ട രൂക്ഷ തര്‍ക്കം അയഞ്ഞതായി സൂചന. ജോസ് ടോമിനെ സ്ഥാനാര്‍ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചതോടെ, പരസ്യമായി എതിര്‍പ്പൊന്നും കേരള കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ പി.ജെ ജോസഫ് പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, യു.ഡി.എഫിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.


എന്നാല്‍ സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം നല്‍കുമോ ഇല്ലയോയെന്ന കാര്യത്തില്‍ ഇനിയും അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതേക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


രണ്ടില ചിഹ്നത്തിലേ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കൂ എന്ന് നിർബന്ധമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചിഹ്നത്തിന്‍റെ കാര്യത്തിൽ നിയമോപദേശം തേടുന്നുണ്ട്. യുഡിഎഫ് മികച്ച വിജയം തന്നെ പാലായിൽ നേടും. പി ജെ ജോസഫ് യുഡിഎഫിനൊപ്പം ഉണ്ട്. മാണി സാർ തന്നെയാണ് ചിഹ്നമെന്നും ചെന്നിത്തല വ്യക്തമാക്കി.


രണ്ടില ചിഹ്നത്തിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാര്യം ജോസ് കെ മാണിയും തുറന്ന് സമ്മതിക്കുന്നു. ഏത് ചിഹ്നത്തിലാകും ജോസ് ടോം മത്സരിക്കുകയെന്നതാണ് ഇനി കണ്ടറിയേണ്ടത്. പാർട്ടി ചിഹ്നം ജോസഫ് വിട്ടുകൊടുക്കുകയെന്നത് ജോസ് കെ മാണി സമ്മതിക്കില്ല. അങ്ങനെയെങ്കിൽ പാർട്ടി ചെയർമാൻ ജോസഫ് ആണെന്നത് ജോസ് കെ മാണി പരസ്യമായി സമ്മതിക്കുന്നത് പോലെയാകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K