01 September, 2019 10:21:20 PM


എൽ ഡി എഫിന് സാധ്യത കൂടിയെന്ന് മാണി സി കാപ്പന്‍; ജോസ് ടോം പുലിക്കുന്നേലിന്‍റെ ജയം ഉറപ്പെന്ന് നിഷ



പാല: ജോസ് കെ മാണിയും ജോസഫും തമ്മിൽ മാനസികമായി അകന്നത് എൽ ഡി എഫിന്‍റെ സാധ്യത കൂട്ടിയെന്ന് മാണി സി കാപ്പന്‍. നിഷ ജോസ് കെ മാണി മത്സരിച്ചാലും ഇല്ലെങ്കിലും എൽഡിഎഫ് അതൊന്നും കാര്യമാക്കുന്നില്ല. ജോസ് ടോമിനേക്കാൾ പാലാക്കാർക്ക് സുപരിചിതനായ സ്ഥാനാർത്ഥി താനാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു.  അതേസമയം, ജോസ് ടോം പുലിക്കുന്നേല്‍ മികച്ച സ്ഥാനാർത്ഥിയാണെന്നും അദ്ദേഹത്തിന്‍റെ ജയം ഉറപ്പെന്നും നിഷ ജോസ് മാണി പ്രതികരിച്ചു. പാലായില്‍ സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.


ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജോസ് ടോം പുലിക്കുന്നിലിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. യുഡിഎഫ് നിയോഗിച്ച ഉപസമിതി കേരളാ കോണ്‍ഗ്രസ് എം നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥിയായി നിഷയുടെ പേരാണ് ജോസ് കെ മാണി വിഭാഗം ഉയര്‍ത്തിയത്. ഇതിനെ എതിര്‍ത്ത് പി.ജെ.ജോസഫ് നിലപാട് കടുപ്പിച്ചതോടെയാണ് യുഡിഎഫ് സമവായ ശ്രമങ്ങളുമായി രംഗത്തെത്തിയത്. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K