29 August, 2019 02:07:05 PM


തിരുവനന്തപുരം വി ജെ ടി ഹാൾ ഇനി 'അയ്യങ്കാളി ഹാള്‍'; പേരുമാറ്റത്തിന് തയ്യാറായി സര്‍ക്കാര്‍



തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയില്‍ തിരുവന്തപുരത്തെ വിജെടി ഹാളിനു 'അയ്യങ്കാളി ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ല്‍ ശ്രീമൂലം തിരുനാളിന്‍റെ കാലത്താണ് ഈ ഹാള്‍ നിര്‍മിച്ചത്. ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഈ ഹാളിന്‍റെ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും 1999 ല്‍ പൂര്‍ത്തിയാക്കിയിരുന്നു. എണ്ണമറ്റ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരത്തെ കേരളത്തിന്‍റെ സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്ര സ്മാരകമായി അടയാളപ്പെടുത്തണം എന്നാണു സര്‍ക്കാര്‍ കണ്ടത്.

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ തുടങ്ങിയത് 1888ല്‍ തിരുവിതാംകൂറിലാണ്. 1912ലാണ് അയ്യങ്കാളി പുലയ സമുദായത്തെ പ്രതിനിധാനം ചെയ്ത് സഭയിലെത്തിയത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. പിന്നോക്ക ജാതിക്കാര്‍ അംഗങ്ങളായതോടുകൂടി യോഗം വിജെടി ഹാളിലേക്കു മാറ്റി. അവശജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയത് ഈ ഹാളിലായിരുന്നു.

സൗജന്യ വിദ്യാഭ്യാസത്തിനുവേണ്ടിയും പരീക്ഷാഫീസ് ഒഴിവാക്കുന്നതിനു വേണ്ടിയും സ്കൂളിലെ ഉച്ചക്കഞ്ഞിക്കുവേണ്ടിയും ഭൂരഹിതര്‍ക്ക് ഭൂമിവിതരണത്തിനുവേണ്ടിയും അദ്ദേഹം ഇവിടെ ശക്തിയുക്തം സംസാരിച്ചു. അയ്യങ്കാളിയെ പോലെ ശക്തമായും ധൈര്യമായും മറ്റാരും വിജെടി ഹാളില്‍ സംസാരിച്ചിട്ടുണ്ടാവില്ല. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ്, അയ്യങ്കാളിയുടെ സ്മരണ നിറഞ്ഞുനില്‍ക്കുന്ന വിജെ ടി ഹാളിനു 'അയ്യങ്കാളി ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രി വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K