27 August, 2019 11:50:17 AM


പാലാ: സമവായമില്ലെങ്കിൽ കോൺഗ്രസ് ഇടപെടുമെന്ന് ജോസഫിനും ജോസ് കെ മാണിക്കും മുന്നറിയിപ്പ്



തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കേരളാ കോൺഗ്രസില്‍ തര്‍ക്കം തുടരുന്നു. ജോസ് കെ.മാണിയും പിജെ ജോസഫും പരസ്പരം പോരടിച്ച് വിജയസാധ്യക്ക് മങ്ങലേൽപ്പിക്കരുതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു എന്നും ഇരു വിഭാഗങ്ങള്‍ക്കും മുന്നറിയിപ്പുമായി യുഡിഎഫ് നേതൃത്വം രംഗത്തെത്തി. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചതായാണ് സൂചന. 


വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിപട്ടിക രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കാം. രണ്ട് കക്ഷികളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടും എന്നാണ് മുന്നറിയിപ്പ്. പാലാ മണ്ഡലത്തിലെ മേൽക്കോയ്മ നഷ്ടപ്പെടുത്തുന്നതിലെ അതൃപ്തിയും യുഡിഎഫ് നേതാക്കൾ ഇരു നേതാക്കളെയും അറിയിച്ചു. തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി തമ്മിൽ തല്ല് അനുവദിക്കാനാകില്ലെന്ന് നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ പിജെ ജോസഫും ജോസ് കെ മാണിയും നിലപാടിൽ അയവുവരുത്തുമെന്ന വിശ്വാസമാണ് യുഡിഎഫ് നേതൃത്വത്തിന് ഉള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K