26 August, 2019 01:06:12 PM


മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ല; ചിദംബരത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി



ദില്ലി: മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ പി. ചിദംബരത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ചിദംബരത്തിന്റെ അറസ്റ്റിനെതിരായ പുതിയ ഹർജി ലിസ്റ്റ് ചെയ്യാത്തതിനാൽ പരിഗണിച്ചില്ല. അതേസമയം എൻഫോഴ്സ്മെന്റിന്റെ കേസിലുള്ള മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. 

അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാൻഡ് ചെയ്തതിനും എതിരായ ഹർജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹർജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു. ചിദംബരത്തിന്റെ 5 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന. കഴിഞ്ഞ നാലു ദിവസത്തെ ചോദ്യം ചെയ്യലിനിടെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ കോടതിയെ അറിയിക്കുമെന്നാണു കരുതുന്നത്.

അതേസമയം ഹർജി ഇന്നുതന്നെ പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്നു സോളിസിറ്റർ ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബലാണ് ഹർജി ഇന്ന് വാദം കേൾക്കാൻ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. തുടര്‍ന്ന് സുപ്രീം കോടതി അതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K