22 August, 2019 08:16:07 PM


ചിദംബരത്തിന് ജാമ്യമില്ല; കളവ് എത്രനാള്‍ ആവര്‍ത്തിച്ചാലും സത്യം വിജയിക്കുമെന്ന് കോണ്‍ഗ്രസ്



ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ പ്രത്യേക സിബിഐ കോടതി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വരെയാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, കളവ് എത്രനാള്‍ ആവര്‍ത്തിച്ചാലും സത്യം വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു.


അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് സംസാരിക്കാനാകും. ചിദംബരത്തിന്‍റെ അറസ്റ്റിനെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പകപോക്കുകയെന്ന ആരോപണമുയര്‍ത്തിയാണ്. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ സമ്മുന്നത നേതാവ് അറസ്റ്റിലായത് പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയ സാഹചര്യത്തില്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണമുയര്‍ത്തി പ്രതിരോധിക്കനാണ് കോണ്‍ഗ്രസ് നീക്കം. 


ചിദംബരത്തിന്‍റെ അറസ്റ്റിനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചിരുന്നു. അറസ്റ്റ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ കക്ഷികൾ ചിദംബരത്തിന്‍റെ അറസ്റ്റിനെതിരെ ജന്ദർമന്ദറിൽ പ്രതിഷേധിച്ചു. ഡിഎംകെ, സമാജ്‍വാദി പാർട്ടി, സിപിഎം എന്നീ പാർട്ടികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K