20 August, 2019 07:28:28 PM


പ്രളയദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ്: സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് ജാമ്യം




കോട്ടയം: പ്രളയ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ക്ഷേത്രം തന്ത്രിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നട്ടാശ്ശേരി സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന് എതിരെ ഗാന്ധിനഗർ പോലീസ് എടുത്ത കേസില്‍ ഇദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയതോടെ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ചൊവ്വാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.


'ഒരു രൂപ പോലും കൊടുക്കരുത് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്' എന്നായിരുന്നു സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാല്‍ ഈ പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന് താന്‍ സൂചിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായി പിരിവ് നടത്തുന്നവരെയും ബാങ്കില്‍ നിക്ഷേപിക്കുന്നതുമാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ തന്‍റെ പോസ്റ്റിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ഇതേ പേജില്‍ മാപ്പ് ചോദിച്ചുകൊണ്ട് താന്‍ പോസ്റ്റിട്ടിരുന്നു. എ്നനിട്ടും വിമര്‍ശനങ്ങള്‍ സജീവമായി തുടര്‍ന്ന അവസ്ഥയില്‍ ആദ്യം തന്‍റെ പോസ്റ്റും പിന്നീട് അക്കൌണ്ടും റദ്ദ് ചെയ്തെന്ന് സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K