15 August, 2019 10:56:34 PM


ഉരുൾപൊട്ടലിനൊപ്പം മലമുകളിലെ ജലാശയവും ഒഴുകി വരാൻ സാധ്യത; കുറിച്യർമലയിൽ ഭീഷണി



കല്‍പ്പറ്റ: തുടർച്ചയായി രണ്ടാം വർഷവും ഉരുൾപൊട്ടലുണ്ടായ വയനാട് കുറിച്യർമലയ്ക്ക് ഗുരുതര ഭീഷണി. ഉരുൾപൊട്ടലുണ്ടായ മേഖലയിലെ വിളളൽ മലമുകളിലെ വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായി മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിൽ തടാകം തകർന്നാൽ വിശാലമായ ജനവാസകേന്ദ്രം ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് താഴ്‍വരയിൽ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മലമടക്കുകളിൽ സ്വാഭാവികമായുണ്ടായ ജലാശയമാണ് ഭീഷണിയായിരിക്കുന്നത്.


കുറിച്യർമലയിലുണ്ടായ വലിയ ഉരുൾപൊ‍ട്ടലിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് വളരെ അടുത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മലവെളളത്തിനൊപ്പം തടാകത്തിലെ വെളളവും മണ്ണും കല്ലും മരങ്ങളും ഒലിച്ചിറങ്ങിയാൽ ദുരന്തം പ്രവചനാതീതതമാകുമെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് പറഞ്ഞു. പ്രദേശത്തുനിന്ന് ഇതിനോടകം മുഴുവനാളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധ സംഘം പ്രദേശത്തെത്തി പരിശോധന നടത്തു. അതിന് ശേഷം കുറിച്യർമല വാസയോ​ഗ്യമാണോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K