14 August, 2019 12:43:06 PM


പട്ടിണി കിടന്ന് മൃതപ്രായയായ ആനയെ അലങ്കരിച്ച് ഉത്സവത്തിന് എഴുന്നെള്ളിച്ചെന്ന് പരാതി



കാന്‍ഡി: പട്ടിണി കിടന്ന് മൃതപ്രായയായ ആനയെ അലങ്കരിച്ച് പ്രദക്ഷിണത്തിനെത്തിച്ചെന്ന് പരാതി. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് പ്രത്യേക വേഷവിതാനങ്ങളില്‍ മൃതപ്രായയായ ആനയെ പ്രദക്ഷിണത്തിനെത്തിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 


തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ ആളുകളെ ആശീര്‍വദിക്കാനായി കിലോമീറ്ററുകള്‍ നടത്തിച്ചുവെന്നും സേവ് എലിഫന്‍റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എസല പെരഹേരയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ 60 ആനകളെയാണ് ഉള്‍പ്പെടുത്തുന്നത്. കഠിന ശബ്ദങ്ങളുടെ ഇടയിലൂടെ നടക്കേണ്ടി വരുന്ന ഇത്തരം ആനകളുടെ കണ്ണീര്‍ ഇവിടെ ആരും കാണുന്നില്ലെന്നും സേവ് എലിഫന്‍റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്ലേര്‍ട്ട് പറയുന്നു.



ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള  രാത്രികളില്‍ നടക്കുന്ന പ്രദക്ഷിണത്തില്‍ തുടര്‍ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചെന്നും ലേക് ചായ്ലേര്‍ട്ട് പറയുന്നു. വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചായ്ലേര്‍ട്ട് ആരോപിക്കുന്നു. 


തിക്കിരിയെ അണിയിക്കുന്ന വേഷങ്ങള്‍ ആനയുടെ ദയനീയ അവസ്ഥ വെളിയില്‍ കാണിക്കില്ലെന്നും ചായ്ലേര്‍ട്ട് പറയുന്നു. വിറയ്ക്കുന്ന ചുവടുകളാണ് ആന വയ്ക്കുന്നതെന്നും ചായ്ലേര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ തായ്ലേര്‍ട്ടിന്‍റെ ആരോപണങ്ങള്‍ തള്ളിയ ബുദ്ധക്ഷേത്രം തിക്കിരിയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K