10 August, 2019 06:38:38 AM


മഴക്കെടുതിയിൽ മരണം 44: ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസക്യാമ്പില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 44 ആയി. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടിൽ ഒമ്പത് പേരുമാണ് മരിച്ചത്. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും രക്ഷാപ്രവർത്തനം രാവിലെ ആറ് മണിയോടുകൂടി തുടങ്ങി. ഒട്ടേറെ പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേർ കഴിയുന്നുണ്ട്. 

കേരളത്തിന്റെ അതിര്‍ത്തിജില്ലയായ കുടകിലും പ്രളയക്കെടുതി. ഉത്തരകേരളത്തില്‍ കനത്ത നാശനാഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കുടകിനെയും പ്രളയം വിഴുങ്ങുന്നത്. രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലുകളില്‍ രണ്ട് കുടുംബങ്ങളിലെ ഏഴു പേരാണ് മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണ കുടക് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. വിരാജ്‌പേട്ട തോറയില്‍ മലയിടിച്ചലില്‍ അമ്മയും മകളും മരിച്ചപ്പോള്‍ മടിക്കേരി ബാഗ മണ്ഡലയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഒരാളെ കാണാതായി. 800 വീടുകളില്‍ വെള്ളം കയറി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K