09 August, 2019 06:38:18 PM


ആര്‍ഭാടങ്ങളൊഴിവാക്കി ഉത്തരവുകള്‍ കയ്യോടെ നല്‍കി കയ്യടി വാങ്ങി വന അദാലത്ത്



തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആര്‍ഭാടങ്ങളൊഴിവാക്കി വന അദാലത്തുകള്‍ക്ക് തുടക്കം. പരാതികളില്‍ ഭൂരിഭാഗവും ചടങ്ങില്‍ തന്നെ പരിഹരിച്ച് തല്‍സമയം ഉത്തരവുകള്‍ കൈമാറിയപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായി മാറി വനംവകുപ്പ് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ വന അദാലത്ത്.

വനംവന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിന് വനം മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന വന അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍  ആര്‍ഭാടരഹിതമായി നടന്നത്. പത്തനംതിട്ടയിലെ  മഴബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട തിരക്കിലായതിനാല്‍ വനം മന്ത്രി അഡ്വ കെ രാജുവിന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. മുന്നറിയിപ്പില്ലാതെ അദാലത്ത് മാറ്റിവെക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍  വനംമേധാവിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നതിന് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
 
നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന അദാലത്തിലേക്ക്  കനത്ത മഴയെ അവഗണിച്ചും  നിരവധി ആളുകളെത്തിയതും  ശ്രദ്ധേയമായി.  പരിഗണനക്കെത്തിയ 175 പരാതികളില്‍ 107പരാതികള്‍ അതിവേഗം തീര്‍പ്പാക്കി ചടങ്ങില്‍ വച്ച് തന്നെ പരാതിക്കാര്‍ക്ക് ഉത്തരവുകള്‍ കൈമാറി.  ശേഷിക്കുന്ന പരാതികളില്‍ 26 എണ്ണം കൂടി പരിഹരിക്കാനാകുന്നതാണെന്നും തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം  ഉത്തരവുകള്‍ പരാതിക്കാര്‍ക്ക് നേരിട്ട് കൈമാറുമെന്നും മുഖ്യ വനം മേധാവി പി കെ കേശവന്‍ അറിയിച്ചു.

വിവിധ വിഷയങ്ങളിലുള്ള 42 പരാതികള്‍ അദാലത്തില്‍ നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷണത്തിന് ശേഷമാണ് പരാതികള്‍ നിരസിച്ചത്. ഇത് ചടങ്ങില്‍ വച്ച് പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അദാലത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇതിലൂടെ ലഭിച്ച നിരവധി പരാതികളിന്മേല്‍ അടിയന്തിര നടപടി സ്വീകരിച്ച് പരാതിക്കാരെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരാതികള്‍ പരിഹരിക്കാനെടുത്ത ആര്‍ജ്ജവവും കാര്യക്ഷമതയും തുടര്‍ന്നും ഉപയോഗപ്പെടുത്തണമെന്നും പൊതുജനങ്ങളുടെ അപേക്ഷകളില്‍ അടിയന്തിര സമീപനം സ്വീകരിക്കണമെന്നും അദാലത്തിനുശേഷം നടന്ന അവലോകനത്തില്‍ മുഖ്യ വനം മേധാവി നിര്‍ദ്ദേശിച്ചു.

കെ എസ് ശബരീനാഥന്‍ എം എല്‍ എ, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പി സി സി എഫ്മാരായ ബെന്നിച്ചന്‍ തോമസ്, ഡി കെ വര്‍മ്മ, എ പി സി സി എഫ് ഇ പ്രദീപ് കുമാര്‍, സി സി എഫ്മാരായ പത്മാമഹന്തി, വിജയാനന്ദ്,സി എഫ് അനൂപ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K