08 August, 2019 01:13:20 AM


'ഉണ്ട' യുടെ ചിത്രീകരണം നടന്ന കാസർകോട് വനമേഖലയിൽ കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി



കാസർകോട്: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ 'ഉണ്ട' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്ന കാസർകോട് പാർത്ഥ കൊച്ചി വനമേഖലയിൽ കേന്ദ്ര വനംവകുപ്പ്  ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. സിനിമയുടെ ചിത്രീകരണത്തോടെ വനനശീകരണം നടന്നെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്.

ചിത്രീകരണത്തിന് ശേഷം വനമേഖല പൂർവ്വ സ്ഥിതിയിലാക്കുമെന്ന ഉറപ്പിലാണ് കാസർകോട് കാറഡുക്ക പാർത്ഥ കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയത്. സിനിമാ ചിത്രീകരണം പൂർത്തിയായിട്ടും വനഭൂമി പൂർവസ്ഥിതിയിലാക്കിയില്ലെന്ന് കാണിച്ച് ആനിമൽ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി പുറത്ത് നിന്നെത്തിച്ച മണ്ണ് നീക്കം ചെയ്തില്ലെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിച്ചെന്നും സം​ഘടന പരാതിയിൽ ആരോപിച്ചു. തുടർന്ന് പരാതിയിൽ കേന്ദ്ര സർക്കാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടു. കേസിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രദേശത്ത് കേന്ദ്ര വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K