06 August, 2019 01:46:41 PM
ശ്രീറാം മദ്യപിച്ചെന്ന് എങ്ങനെ കണ്ടെത്തി? കേസ് ഡയറിയും രക്തപരിശോധനാ ഫലവും ഉടന്‍ ഹാജരാക്കണമെന്ന് കോടതി
വഫ ഫിറോസിന്‍റെ രഹസ്യമൊഴി എങ്ങനെ ചേര്‍ന്നുവെന്നും കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനാഫലം ഹാജരാക്കണമെന്ന് കോടതി. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്ന് കോടതി ആരാഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കുള്ളില്‍ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ശ്രീരാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീറാം വെങ്കിട്ടരാമനെ ജേക്കബ് തോമസിനെ പോലെയാക്കരുതെന്നും ശ്രീറാമിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥന്‍റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. മാധ്യമ പ്രവർത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.  കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനം പറയാമെന്ന് കോടതി വ്യക്തമാക്കി. വഫ ഫിറോസിന്‍റെ രഹസ്യമൊഴി പുറത്തുപോയതിനെ കോടതി വിമര്‍ശിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ചോരരുതെന്ന നിര്‍ദ്ദേശത്തോടെ തന്ന മൊഴി എങ്ങനെ ചേര്‍ന്നുവെന്നും കോടതി ചോദിച്ചു.   
                                


                                        



