30 July, 2019 02:40:03 PM


ഉന്നാവ് സംഭവത്തില്‍ ഇരുസഭകളിലും ബഹളം: എസ്‍പിക്കെതിരെ ബിജെപി; തിരിച്ചടിച്ച് അഖിലേഷ്



ദില്ലി: ഉന്നാവ് സംഭവം പാർലമെന്‍റിന്‍റെ ഇരുസഭകളെയും ഇന്ന് പ്രക്ഷുബ്ധമാക്കി. സഭ തുടങ്ങിയപ്പോൾത്തന്നെ കോൺഗ്രസ് ഇരുസഭകളിലും വിഷയം ഉന്നയിച്ചു. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ആരോപണത്തിന്‍റെ കുന്തമുന എസ്‍പിക്കെതിരെ ഉന്നയിക്കാൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി.


സഭ തുടങ്ങിയപ്പോൾ, 11 മണിക്ക് തന്നെ വിഷയം ലോക്സഭയിലെ കോൺഗ്രസിന്‍റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധുരി ഉന്നയിച്ചു. "സംസ്കൃത സമൂഹത്തിന്‍റെ മേൽ ഏറ്റ കറയാണ്'' ഉന്നാവ് ബലാത്സംഗവും തുടർന്നുണ്ടായ സംഭവങ്ങളുമെന്ന് ചൗധുരി ആരോപിച്ചു. ബിജെപി എംഎൽഎയുടെ ചെയ്തികളുടെ ഫലമായി രാജ്യത്തെ ജനങ്ങൾ ലജ്ജിച്ച് തല താഴ്‍ത്തേണ്ട അവസ്ഥയാണ്. 15 വയസ്സ് മാത്രമുള്ള പെൺകുട്ടിയെയാണ് ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തത് - ചൗധുരി ആരോപിച്ചു.


ഉത്തർപ്രദേശിലെ ക്രമസമാധാനനില തകർന്നുവെന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടെത്തി മറുപടി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഇത് പരിഗണിക്കാതെ, വിഷയത്തിൽ മറുപടി പറഞ്ഞത് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ്. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ പ്രഹ്ളാദ് ജോഷി, ആരോപണം എസ്‍പിക്ക് നേരെ തിരിക്കാൻ ശ്രമം നടത്തി. പെൺകുട്ടിയെ ഇടിച്ച ട്രക്കിന്‍റെ ഉടമ എസ്‍പി നേതാവാണെന്നായിരുന്നു ജോഷിയുടെ പരാമർശം. തുടർന്ന് ലോക്സഭയിൽ വൻ ബഹളമായി. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. രാജ്യസഭയിലും സമാനരീതിയിലുള്ള ബഹളമുണ്ടായി.


അതേസമയം, ലഖ്‍നൗവിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിക്കാനെത്തിയ യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപണം ശക്തമായി നിഷേധിച്ചു. അപകടത്തിന് പിന്നിൽ  സമാജ് വാദി പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അഖിലേഷ് യാദവ്, ബിജെപിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K