27 July, 2019 06:45:35 AM


കാനത്തിനെതിരേ സി.പി.ഐ.യില്‍ പ്രതിഷേധം പടരുന്നു; ആലപ്പുഴയില്‍ പോസ്റ്റര്‍




കൊച്ചി: ജില്ലാ സെക്രട്ടറിക്കും എം.എല്‍.എ.യ്ക്കും ക്രൂരമായ മര്‍ദനം ഏറ്റിട്ടും, രാഷ്ട്രീയ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ അന്വേഷണത്തിനായി കാത്തു നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം രൂക്ഷമായി. വരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എറണാകുളം ജില്ലാ നേതൃത്വം പ്രശ്നം ഉന്നയിക്കും. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് അവര്‍ പാര്‍ട്ടി സെന്‍ററിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.


പോലീസ് അതിക്രമത്തെ അപലപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ഒരു പ്രസ്താവനയിറക്കിയിരുന്നെങ്കില്‍ അവിടെ തീരാവുന്ന പ്രശ്നം, വഷളാക്കി പൊതു സമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന സന്ദേശമാണ് നേതാക്കള്‍ക്കിടയില്‍ പടരുന്നത്. പാര്‍ട്ടിയുടെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇപ്പോഴത്തെ അവസ്ഥയില്‍ അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നേതാക്കള്‍ തമ്മില്‍ ഇതു സംബന്ധിച്ച ആശയവിനിമയം നടക്കുന്നുണ്ട്. പാര്‍ട്ടി എംഎല്‍.എ.ക്കെതിരേ മര്‍ദനം ഏല്‍ക്കുമ്പോള്‍ ഭരണത്തിലുണ്ടായിരുന്നിട്ടു കൂടി ഒന്നും ചെയ്യാനോ ഒരു പ്രസ്താവന ഇറക്കാനോ പോലും സാധിക്കുന്നില്ലെങ്കില്‍ അത് കഴിവുകേടാണെന്ന് അഭിപ്രായമുള്ള നേതാക്കളും പാര്‍ട്ടിയിലുണ്ട്.


കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ തത്‌കാലത്തേക്കെങ്കിലും സ്ഥലംമാറ്റിയ ശേഷം അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയുടെ മാനം കാക്കാന്‍ കഴിയുമായിരുന്നു എന്ന അഭിപ്രായവും ശക്തമാണ്. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ മാത്രമാണ് പോലീസ് നടപടിയെ പരസ്യമായി അപലപിച്ചത്. വെള്ളിയാഴ്ച മുതിര്‍ന്ന നേതാവായ സി.എന്‍. ജയദേവനും തനിക്കുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു. പോലീസ് അതിക്രൂരമായാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും മര്‍ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേടാണെങ്കില്‍ തനിക്കുള്ള പ്രതിഷേധം പറയേണ്ടിടത്ത് പറയും. ഇതിനെതിരേ കൊച്ചിയില്‍ കാനം പ്രതികരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, കാനം അത്തരമൊരു പ്രതികരണം നടത്തിയില്ല.


കാനത്തിന്‍റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്‍റെ സൂചനകള്‍ ആലപ്പുഴയില്‍ പോസ്റ്ററിലൂടെ പുറത്തുവന്നു. അമ്പലപ്പുഴയില്‍ സി.പി.ഐ.യുടെ പേരില്‍ വന്ന പോസ്റ്ററില്‍ കാനത്തെ മാറ്റി സി.പി.ഐ.യെ രക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, സി.പി.ഐ.ക്കാരാരും അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ലെന്നും പോസ്റ്റര്‍ ആര്‍ക്കു വേണമെങ്കിലും പതിക്കാമെന്നുമായിരുന്നു കാനത്തിന്‍റെ മറുപടി. പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ ലാത്തിച്ചാര്‍ജ് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള അവസരം കൊച്ചിയില്‍ വന്നപ്പോള്‍ കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താതെ അദ്ദേഹം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചോദ്യങ്ങളില്‍നിന്ന് തെന്നിമാറുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K