25 July, 2019 09:38:09 AM


വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ജോസഫ്; സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആകും



കോട്ടയം: പി.ജെ.ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ കേരളാ കോണ്‍ഗ്രസ് (എം)ല്‍ രൂക്ഷമായ ചേരിപ്പോരിനെ തുടര്‍ന്ന് പ്രതിസന്ധിയിലെത്തിയ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ജോസഫ് വിഭാഗം. യു‍ിഎഫിന്‍റെ കെട്ടുറപ്പിന് വേണ്ടി ഇനിയുള്ള 14 മാസത്തില്‍ ആദ്യ ഏഴ് മാസം പ്രസിഡന്‍റ് സ്ഥാനം ജോസ് കെ മാണി പക്ഷത്തെ അംഗത്തിന് വിട്ടുകൊടുക്കാമെന്ന് ജോസഫ് വിഭാഗം സമ്മതിച്ചു. ഇതനുസരിച്ച് മുണ്ടക്കയം ഡിവിഷനില്‍നിന്നുള്ള സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അടുത്ത പ്രസിഡന്‍റാവും.


പുതിയ ധാരണപ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരകാലായ്ക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിക്കും. കങ്ങഴ ഡിവിഷനില്‍ നിന്നുള്ള അംഗമാണ് അജിത് മുതിരകാല. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് യുഡിഎഫിലെ പ്രതിസന്ധി തരണം ചെയ്യപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായതോടെ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും ഡിസിസി പ്രസിഡൻറുമായ ജോഷി ഫിലിപ്പ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.


കേരളാ കോണ്‍ഗ്രസിന് ആറ് അംഗങ്ങളാണ് ജില്ലാ പഞ്ചായത്തില്‍ ഉള്ളത്. ഇവരില്‍ അജിത് മുതിരകാലായും കടുത്തുരുത്തിയില്‍ നിന്നുള്ള മേരി സെബാസ്റ്റ്യനും ജോസഫ് വിഭാഗത്തില്‍ നിലയുറപ്പിച്ചപ്പോള്‍ സഖറിയാസ് കുതുരവേലി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബെറ്റി റോയി, പെണ്ണമ്മ തോമസ് എന്നിവര്‍ ജോസ് കെ മാണി വിഭാഗത്തോടൊപ്പമാണ്. 21 അംഗ സമിതിയില്‍ കോണ്‍ഗ്രസിന് എട്ടും ജനപക്ഷത്തിന് ഒന്നും സിപിഎം - സിപിഐ സഖ്യത്തിന് ആറും അംഗങ്ങളാണ് ഉള്ളത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K